കൊല്ലങ്കോട് ജലസംഭരണി പൊളിക്കുന്നതിനിടെ അപകടം; വൈദ്യുതി തൂണും വില്ലേജ് ഓഫിസ് മതിലും തകർന്നു

പാലക്കാട്: കൊല്ലങ്കോട് പഴയ ജലസംഭരണി പൊളിച്ചുനീക്കുന്നതിനിടെ കോൺക്രീറ്റ് കട്ടകൾ വീണ് വൈദ്യുതി തൂണും സമീപത്തെ വില്ലേജ് ഓഫിസിന്റെ മതിലും തകർന്നു. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം.

ജലസംഭരണി പൊളിക്കുന്നതിനിടെ കോൺക്രീറ്റ് കട്ടകൾ വൈദ്യുതി തൂണിലേക്ക് വീഴുകയായിരുന്നു. ആഘാതത്തിൽ തൂൺ ഒടിഞ്ഞ് സമീപത്തെ വീടിന് മുകളിലേക്ക് വീണു. കോൺക്രീറ്റ് കട്ടകൾ വീണ് കൊല്ലങ്കോട് വില്ലേജ് ഓഫിസിന്റെ മതിലിനും കേടുപാടുണ്ടായി.

അപകടത്തിൽ ആളപായമുണ്ടായില്ല. ഞായറാഴ്ചയായതിനാൽ പ്രദേശത്ത് ആളുകൾ കുറവായിരുന്നതാണ് വലിയ ദുരന്തം ഒഴിവാകാൻ കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. സമീപത്തെ ഒരു വീടിന്റെ പിൻഭാഗത്തേക്കും കോൺക്രീറ്റ് കട്ടകൾ തെറിച്ചുവീണതായി റിപ്പോർട്ടുണ്ട്.

വൈദ്യുതി തൂൺ തകർന്നതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി തടസ്സപ്പെട്ടു. ജലസംഭരണി പൊളിക്കുന്നതിനിടെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അധികൃതരിൽ നിന്ന് ലഭ്യമാകാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *