പ്രിൻസസ് ഹൈവേയിൽ കൂറ്റൻ കുഴി- മുപ്പതോളം വാഹനങ്ങളുടെ ടയറുകൾ തകർന്നു; വൻ ഗതാഗതക്കുരുക്കും പ്രതിഷേധവും

മെൽബൺ: ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ പ്രിൻസസ് ഹൈവേയിലുണ്ടായ കൂറ്റൻ റോഡുകുഴി ഗതാഗതക്കുരുക്കിനും വൻ നാശനഷ്ടങ്ങൾക്കും വഴിവെച്ചു. മെൽബണിൽ നിന്ന് 81 കിലോമീറ്റർ അകലെ ബന്യപിന് സമീപം തിങ്കളാഴ്ച രാവിലെ തിരക്കേറിയ സമയത്താണ് സംഭവം. റോഡിലെ വലിയ കുഴിയിൽപ്പെട്ട് കുറഞ്ഞത് 30-ഓളം കാറുകളുടെ ടയറുകളും റിമ്മുകളും തകരുകയും വാഹനങ്ങൾ വഴിയിലാകുകയും ചെയ്തു.

മഴ കനത്തതോടെ കുഴി വെള്ളത്താൽ മൂടപ്പെട്ടതിനാൽ ഡ്രൈവർമാർക്ക് അപകടം മുൻകൂട്ടി കാണാൻ സാധിച്ചില്ല. ജി.പി.എസ് ആപ്പുകളിൽ മുന്നറിയിപ്പ് ലഭിച്ചപ്പോഴേക്കും കാറുകൾ കുഴിയിൽ പതിച്ചിരുന്നുവെന്ന് ദുരന്തത്തിൽപ്പെട്ട യാത്രക്കാർ വ്യക്തമാക്കി. തകരാറിലായ ടയറുകൾ മാറ്റാൻ ശ്രമിക്കുന്നതിനിടെ അതിവേഗത്തിൽ മറ്റ് വാഹനങ്ങൾ കടന്നുപോയത് വലിയ അപകടസാധ്യത ഉയർത്തിയതായി യാത്രക്കാർ പറഞ്ഞു. സംഭവത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെ വർക്ക്‌ഷോപ്പുകളിലും ടയർ റിപ്പെയറിംഗ് സെന്ററുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. റോഡുകൾ കൃത്യമായി അറ്റകുറ്റപ്പണി നടത്താത്ത സർക്കാരിന്റെ വീഴ്ചയാണ് ഇതിന് കാരണമെന്ന് പ്രദേശവാസികളും റോഡ്‌സൈഡ് അസിസ്റ്റൻസ് ഉദ്യോഗസ്ഥരും കുറ്റപ്പെടുത്തി.

റോഡുകളുടെ അവസ്ഥ മോശമായതിനെ തുടർന്ന് സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ കനത്ത മഴയും വലിയ ട്രക്കുകളുടെ യാത്രയുമാണ് റോഡ് തകരാൻ കാരണമെന്ന് വിക്ടോറിയൻ പ്രീമിയർ ബെൻ കരോൾ വിശദീകരിച്ചു. റോഡുകളുടെ അവസ്ഥ പരിഹരിക്കുന്നതിനായി പ്രത്യേക സിവിൽ എഞ്ചിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനായി ഏകദേശം ഒരു ബില്യൺ ഡോളർ വിനിയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *