വിഡിയോ സന്ദേശത്തിന് പിന്നാലെ പിഞ്ചു കുഞ്ഞുങ്ങളെ കുത്തികൊലപ്പെടുത്തി അമ്മയുടെ ക്രൂരത; ഒരു വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ

നോർത്ത് ഡക്കോട്ട: സ്വന്തം കുഞ്ഞുങ്ങൾക്ക് നേരെ ക്രൂരമായ ആക്രമണം നടത്തി നോർത്ത് ഡക്കോട്ട സ്വദേശിയായ 22-കാരി. വ്യാഴാഴ്ച വൈകുന്നേരം മന്ദാനിലെ വീട്ടിൽ വെച്ച് കേലി എർഹാർട്ട് എന്ന യുവതി തൻ്റെ മൂന്ന് മക്കൾക്ക് നേരെ നടത്തിയ കത്തി ആക്രമണത്തിൽ മൂന്ന് വയസ്സുള്ള മോർഗൻ, അഞ്ച് മാസം പ്രായമുള്ള അവ എന്നീ പെൺകുട്ടികൾ കൊല്ലപ്പെട്ടു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ കൊൾട്ടൺ എന്ന ഒരു വയസ്സുകാരൻ വിപുലമായ ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിലാണ്.

കുഞ്ഞുങ്ങളെ ആക്രമിക്കുന്നതിന് മുൻപ് എർഹാർട്ട് തൻ്റെ ഭർത്താവ് കാമറൂണിന് ‘മക്കളോട് യാത്ര പറയുക’ എന്ന് മുന്നറിയിപ്പ് നൽകുന്ന വീഡിയോ സന്ദേശം അയച്ചിരുന്നതായി പൊലീസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. തോക്ക് അരയിൽ തിരുകി ഒരു കുട്ടിയെ എടുത്തുനിൽക്കുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ ഉണ്ടായിരുന്നത്. മുൻപ് ഭർത്താവിനെയും കുട്ടികളുടെ മുത്തശ്ശിയെയും തോക്കും കത്തിയു കാട്ടി ഭീഷണിപ്പെടുത്തി വീട്ടിൽ നിന്നും ഓടിച്ച ശേഷമാണ് യുവതി കുഞ്ഞുങ്ങളെ ആക്രമിച്ചത്.

സംഭവസ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ എർഹാർട്ടിനെ ചോരയിൽ കുളിച്ച നിലയിലും സ്വന്തം കഴുത്തിൽ കത്തി പിടിച്ച നിലയിലുമാണ് കണ്ടെത്തിയത്. അടുത്തുള്ള ബെഡ്‌റൂമിൽ കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ ബോധരഹിതരായി കിടക്കുകയായിരുന്നു മൂന്ന് കുട്ടികളും. കോടതിയിൽ ഹാജരാക്കിയ പ്രതിക്കെതിരെ രണ്ട് കൊലപാതക കുറ്റങ്ങൾ ഉൾപ്പെടെ ഒമ്പത് വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പ്രതിക്ക് 3 ദശലക്ഷം ഡോളർ ക്യാഷ് ബോണ്ട് ചുമത്തിയ കോടതി, അതിജീവിച്ച കുട്ടിയെയോ കുടുംബാംഗങ്ങളെയോ ബന്ധപ്പെടരുതെന്ന് ഉത്തരവിട്ടു. കേസിന്റെ പ്രാഥമിക വിചാരണ ഒക്ടോബർ 6-ന് നടക്കും.

യുവതിയും ഭർത്താവും തമ്മിൽ അകന്നു കഴിയുകയായിരുന്നുവെന്നും ഭർത്താവ് വിവാഹമോചനത്തിന് തയ്യാറെടുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മുൻപ് പ്രസവാനന്തര വിഷാദരോഗത്തിന് (postpartum depression) ചികിത്സയിലായിരുന്ന എർഹാർട്ടിനെ മുൻപും മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ ചോദ്യം ചെയ്യലിൽ ക്രൂരമായ കൊലപാതകത്തെക്കുറിച്ച് ഓർമ്മയില്ലെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ദുരന്തബാധിതരായ കാമറൂണിനെയും അതിജീവിച്ച കുഞ്ഞിനെയും സഹായിക്കുന്നതിനായി ‘GoFundMe’ വഴി നിലവിൽ ഫണ്ട് സമാഹരണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *