കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും വധഭീഷണി. ഇരുവരെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ട് കത്തുകൾ തിങ്കളാഴ്ച കൊൽക്കത്തയിലെ ഗാംഗുലിയുടെ ഓഫീസിൽ ലഭിച്ചു. ഇരുവർക്കും അടുത്തുനിൽക്കുന്നവരെയും വധിക്കുമെന്ന് കത്തുകളിൽ പരാമർശിക്കുന്നതായി റിപ്പോർട്ട്.
സംഭവത്തിൽ ഗാംഗുലിയുടെ സെക്രട്ടറി സൗത്ത് കൊൽക്കത്തയിലെ താക്കൂർപുക്കൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കത്തുകൾ പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബെൽഗോറിയയിൽ നിന്നാണ് പോസ്റ്റ് ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ‘അരുൺ’ എന്ന പേരിലാണ് കത്തുകൾ അയച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി. കത്തുകൾ അയച്ച കൊറിയർ സെന്ററുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.
ഗാംഗുലിക്ക് മുമ്പും സമാനമായ കത്തുകൾ ലഭിച്ചിരുന്നെങ്കിലും അവയിൽ അപമാനകരമായ പരാമർശങ്ങളായിരുന്നു ഉണ്ടായിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പുതിയ ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. ഗാംഗുലിയോ ഡോണയോ സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കൂടുതൽ റിപ്പോർട്ടുകൾ പ്രകാരം, കൊൽക്കത്ത പൊലീസ് ഭീഷണിക്കത്തുകളുടെ ഉറവിടവും പിന്നിലെ ഉദ്ദേശ്യവും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

