ബെയ്ജിങ്: വിക്ഷേപിച്ച് 85 സെക്കൻഡിനുള്ളിൽ ചൈനയുടെ ലോങ് മാർച്ച് 7എ റോക്കറ്റ് ആകാശത്ത് പൊട്ടിത്തെറിച്ചു. ഓഗസ്റ്റ് 10ന് ഹൈനാൻ പ്രവിശ്യയിലെ വെൻചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽനിന്നായിരുന്നു വിക്ഷേപണം. റോക്കറ്റ് തീപിടിച്ച് പൊട്ടിത്തെറിച്ചതോടെ ആകാശത്ത് വലിയ തീഗോളവും പുകയും അവശിഷ്ടങ്ങളും രൂപപ്പെട്ടു.
ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ചൈന എയറോസ്പേസ് സയൻസ് ആൻഡ് ടെക്നോളജി കോർപ്പറേഷൻ ആണ് റോക്കറ്റ് വിക്ഷേപിച്ചത്. സംഭവത്തിൽ കമ്പനി ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. റോക്കറ്റിലുണ്ടായിരുന്ന ഉപഗ്രഹവും പൂർണമായി നഷ്ടപ്പെട്ടിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
2020ൽ പ്രവർത്തനം ആരംഭിച്ച ലോങ് മാർച്ച് 7എയുടെ 18-ാമത്തെ ദൗത്യമായിരുന്നു ഇത്. വിക്ഷേപണത്തിന് പിന്നാലെ റോക്കറ്റ് തകർന്നത് ഈ ദൗത്യത്തിന്റെ പൂർണ പരാജയത്തിലേക്ക് നയിച്ചേക്കും. സാധാരണയായി വിക്ഷേപണത്തിന് ഏകദേശം മൂന്ന് മിനിറ്റിന് ശേഷമാണ് ആദ്യ ഘട്ട വേർപെടൽ നടക്കുന്നത്.

