ന്യൂഡൽഹി: 14 വയസുവരെ കുട്ടികൾക്ക് മതപരവും മതേതരവുമായ വിദ്യാഭ്യാസം നൽകുന്ന എല്ലാ സ്ഥാപനങ്ങളും നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നും അവയുടെ പ്രവർത്തനം നിരീക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീംകോടതി പരിഗണിച്ചില്ല.
ഭരണഘടനയുടെ ആർട്ടിക്കിൾ 30ന്റെ സംരക്ഷണത്തിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികളിൽ തീവ്രവാദ ആശയങ്ങൾ വളർത്തുന്നുവെന്നും ഇത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കും ഐക്യത്തിനും ഭീഷണിയാണെന്നും ആരോപിച്ച് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനികുമാർ ഉപാധ്യായയാണ് ഹർജി നൽകിയത്.
അതേ വിഷയത്തിൽ നേരത്തെ ഹർജി നൽകിയിട്ടുണ്ടെന്നും ഒരേ വിഷയത്തിൽ തുടർച്ചയായി ഹർജികൾ നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഉചിതമായ മറ്റ് വേദികളെ സമീപിക്കാനുള്ള സ്വാതന്ത്ര്യത്തോടെ ഹർജി പിൻവലിക്കാൻ അനുമതി നൽകി.

