തിരുവനന്തപുരം: കർക്കിടകവാവ് ബലിതർപ്പണത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്കായി വിപുലമായ യാത്രാ സൗകര്യങ്ങളൊരുക്കി കെഎസ്ആർടിസി. 2026 ഓഗസ്റ്റ് 12-ന് പുലർച്ചെ 2 മണി മുതൽ സംസ്ഥാനത്തെ 13 പ്രത്യേക ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് ട്രാഫിക് ഡിമാൻഡ് അനുസരിച്ച് സ്പെഷ്യൽ സർവീസുകൾ ആരംഭിക്കും. ഇതിന് പുറമെ വിവിധ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്നും യാത്രക്കാരുടെ ആവശ്യകതയ്ക്കനുസരിച്ച് അധിക സർവീസുകളും ക്രമീകരിച്ചിട്ടുണ്ട്.
ഗതാഗത വകുപ്പ് മന്ത്രിയുടെയും ദേവസ്വം വകുപ്പ് മന്ത്രിയുടെയും സാന്നിധ്യത്തിൽ നടന്ന യോഗങ്ങളിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കൃത്യമായ മുന്നൊരുക്കങ്ങളാണ് കെഎസ്ആർടിസി പൂർത്തിയാക്കിയിട്ടുള്ളത്. മുൻവർഷത്തേക്കാൾ കൂടുതൽ ബസുകൾ പൂൾ ചെയ്താണ് ഇത്തവണത്തെ ക്രമീകരണങ്ങൾ. കഴിഞ്ഞ വർഷം അധിക സർവീസുകൾക്കായി 62 ബസുകൾ മാത്രം പൂൾ ചെയ്തിരുന്ന സ്ഥാനത്ത്, ഈ വർഷം ഏകദേശം 100 ബസുകൾ അധികമായി പൂൾ ചെയ്ത് സർവീസുകൾക്കായി സജ്ജമാക്കിയിട്ടുണ്ട്.
യാത്രക്കാരുടെ തിരക്കും ട്രാഫിക് ഡിമാൻഡും കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ സ്ഥലങ്ങളിലേക്ക് യഥാസമയം സ്പെഷ്യൽ സർവീസുകൾ അയക്കുന്നതിനായി ഓരോ കേന്ദ്രത്തിലും സ്പെഷ്യൽ സ്ക്വാഡ് ഉദ്യോഗസ്ഥരെയും ഓഫീസർമാരെയും ചുമതലപ്പെടുത്തിയതായി കെഎസ്ആർടിസി സിഎംഡി അറിയിച്ചു.
തിരുവല്ലം, വർക്കല, ശംഖുമുഖം, വേളി, അരുവിക്കര, അരുവിപ്പുറം, കഠിനംകുളം, ചേറ്റമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തിരുമുല്ലവാരം (കൊല്ലം), ആലുവ, തിരുനാവായ, തിരുനെല്ലി ക്ഷേത്രം തുടങ്ങിയ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ കൂടുതൽ അധിക സ്പെഷ്യൽ ബസുകൾ പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. തിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച് സർവീസുകളുടെ എണ്ണം കൂട്ടുന്നതിനും ബസുകൾ പുനഃക്രമീകരിച്ച് അയയ്ക്കുന്നതിനുമുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

