ചിപ്‌സിലും ശർക്കര വരട്ടിയിലും മായം ചേർത്താൽ മൂന്ന് ലക്ഷം രൂപ പിഴയും തടവുശിക്ഷയും; ഇടുക്കിയിൽ പരിശോധന കർശനമാക്കി

ഇടുക്കി: ഓണക്കാലത്ത് പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഏത്തക്ക ചിപ്സ്, ശർക്കര വരട്ടി എന്നിവയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഇടുക്കിയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കി. വ്യാപാരികളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് വിശദമായ ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ഇത്തരം ഭക്ഷ്യവസ്തുക്കളിൽ നിരോധിച്ചതും ചേർക്കാൻ അനുവാദമില്ലാത്തതുമായ കൃത്രിമ നിറങ്ങൾ ചേർക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവ ‘സുരക്ഷിതമല്ലാത്ത ഭക്ഷണം’ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ മൂന്ന് ലക്ഷം രൂപ വരെ പിഴയും മൂന്ന് മാസം വരെ തടവുശിക്ഷയും ലഭിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷ്യവസ്തുക്കളുടെ വിപണനത്തിൽ നിന്നും വ്യാപാരികൾ പൂർണ്ണമായും വിട്ടുനിൽക്കണം.

സാധാരണ ഗതിയിൽ ചിപ്സിന് അമിതമായ മഞ്ഞനിറം കാണുകയാണെങ്കിൽ അതിൽ കൃത്രിമ നിറങ്ങൾ ചേർത്തിരിക്കാൻ സാധ്യതയുള്ളതിനാൽ ഉപഭോക്താക്കൾ അത്തരം ഉൽപ്പന്നങ്ങൾ വാങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ചിപ്സ് വാങ്ങുമ്പോൾ കൃത്രിമ നിറങ്ങൾ ചേർത്തിട്ടുണ്ടോ എന്ന് ചോദിച്ചറിയുന്ന രീതി ഉപഭോക്താക്കൾ ശീലമാക്കണം. സ്വാഭാവിക നിറങ്ങൾ ചേർക്കുന്നത് നിയമവിധേയമാണ്.

കഴിഞ്ഞ ആഴ്ച ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് ചൈൽഡ് ഹോമുകളും ഒരു വൃദ്ധസദനവും ഉൾപ്പെടെ 59 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വീഴ്ച കണ്ടെത്തിയ നാല് സ്ഥാപനങ്ങൾക്കു കോംപൗണ്ടിംഗ് നോട്ടീസും എട്ട് സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസും മൂന്ന് സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും നൽകി. കൂടാതെ ഒരു അഡ്ജ്യൂഡിക്കേഷൻ ശുപാർശയും നൽകിയിട്ടുണ്ട്. പരിശോധനയുടെ ഭാഗമായി എട്ട് സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും അഞ്ച് സർവേയലൻസ് സാമ്പിളുകളും ശേഖരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *