പാക് ആഭ്യന്തരമന്ത്രി ഇറാനിൽ; അരാഗ്ചിയുമായി കൂടിക്കാഴ്ച

തെഹ്റാൻ: പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്‌വി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി തെഹ്റാനിൽ കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചയിൽ നയതന്ത്ര വിഷയങ്ങളും ഉഭയകക്ഷി ബന്ധങ്ങളും ചർച്ച ചെയ്തതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.

ഇറാൻ–പാക്കിസ്ഥാൻ ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ഇസ്‌ലാമാബാദ് ധാരണാപത്രവുമായി ബന്ധപ്പെട്ട തുടർനടപടികളും യുഎസ്–ഇറാൻ വിഷയത്തിൽ പാക്കിസ്ഥാൻ നടത്തുന്ന മധ്യസ്ഥശ്രമങ്ങളും ചർച്ചയുടെ പശ്ചാത്തലത്തിലുണ്ടായിരുന്നുവെന്ന് ഐആർഎൻഎ വ്യക്തമാക്കി. എന്നാൽ കൂടിക്കാഴ്ചയിൽ കൈക്കൊണ്ട പ്രത്യേക തീരുമാനങ്ങൾ ഇരുരാജ്യങ്ങളും പുറത്തുവിട്ടിട്ടില്ല.

യുഎസും ഇറാനും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനും ചർച്ചകൾക്ക് വഴിയൊരുക്കുന്നതിനുമായി പാക്കിസ്ഥാൻ നടത്തുന്ന നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് നഖ്‌വിയുടെ തെഹ്റാൻ സന്ദർശനം. സമീപകാലത്ത് അദ്ദേഹം ഇറാനിൽ നിരവധി തവണ സന്ദർശനം നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *