ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ നോർത്ത് വെസ്റ്റ് പ്രവിശ്യയിൽ ഖനി മാലിന്യക്കൂമ്പാരം തകർന്നുണ്ടായ അപകടത്തിൽ 14 പേർ മരിച്ചു. റുസ്തൻബർഗിന് സമീപം ഓഗസ്റ്റ് 10 രാത്രിയിലാണ് അപകടമുണ്ടായത്. ഉപേക്ഷിക്കപ്പെട്ട ഖനി പ്രദേശത്ത് അനധികൃതമായി പ്ലാറ്റിനം ഉൾപ്പെടെയുള്ള ധാതുക്കൾ ഖനനം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് അറിയിച്ചു.
എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ചിലർ ലെസോത്തോ സ്വദേശികളാണെന്ന് അധികൃതർ അറിയിച്ചു. മരിച്ചവരുടെ പൗരത്വം സ്ഥിരീകരിച്ചിട്ടില്ല. അപകടസ്ഥലത്ത് കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.
ദക്ഷിണാഫ്രിക്കയിൽ ഉപേക്ഷിക്കപ്പെട്ട സ്വർണം, പ്ലാറ്റിനം ഖനികളിൽ അനധികൃതമായി ഖനനം നടത്തുന്നവർ നിരവധിയുണ്ട്. സുരക്ഷാ സംവിധാനങ്ങളില്ലാതെ ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

