ബ്യൂണസ് അയേഴ്സ്: ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ചികിത്സാ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫൊറൻസിക് വിദഗ്ധന്റെ മൊഴി. മരണത്തിന് ദിവസങ്ങൾക്കുമുമ്പേ തന്നെ മാറഡോണയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണങ്ങൾ പ്രകടമായിരുന്നെന്നും ഏതൊരു ഡോക്ടർക്കും അത് തിരിച്ചറിയാൻ കഴിയുമായിരുന്നെന്നും ഫൊറൻസിക് വിദഗ്ധൻ കാർലോസ് കാസിനെല്ലി കോടതിയിൽ മൊഴി നൽകി.
2020 നവംബർ 25ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മാറഡോണയുടെ ശ്വാസകോശത്തിൽ ദ്രവം അടിഞ്ഞുകൂടിയിരുന്നതായും ഹൃദയസ്തംഭനത്തെ തുടർന്നുണ്ടായ തീവ്രമായ ശ്വാസകോശ വീക്കമാണ് മരണകാരണമെന്നുമാണ് കണ്ടെത്തിയത്. ശരീരത്തിൽ വ്യാപകമായ വീക്കവും ഹൃദയത്തിൽ കൊഴുപ്പും രക്തക്കട്ടകളും കണ്ടെത്തിയതായി കാസിനെല്ലി പറഞ്ഞു. മരണത്തിന് മുമ്പ് കുറഞ്ഞത് 12 മണിക്കൂറെങ്കിലും അദ്ദേഹം കടുത്ത വേദന അനുഭവിച്ചിരിക്കാമെന്നും വിദഗ്ധൻ വ്യക്തമാക്കി.
മാറഡോണയുടെ മുഖത്തും വയറിലും കാലുകളിലും ഉണ്ടായിരുന്ന വീക്കം അദ്ദേഹം ജീവിച്ചിരിക്കുമ്പോഴുണ്ടായ ദ്രവസമാഹരണത്തിന്റെ സൂചനയായിരുന്നുവെന്നും വിദഗ്ധർ മൊഴി നൽകി. ഇത്തരം ലക്ഷണങ്ങൾ മരണത്തിന് തൊട്ടുമുമ്പ് പെട്ടെന്ന് ഉണ്ടായതല്ലെന്നും ദിവസങ്ങളായി ആരോഗ്യനില വഷളായതിന്റെ സൂചനകളാണെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു.
മാറഡോണയുടെ ചികിത്സയിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തിൽ ന്യൂറോസർജൻ ലിയോപോൾഡോ ലൂക്കെ ഉൾപ്പെടെ ഏഴ് ആരോഗ്യപ്രവർത്തകരാണ് വിചാരണ നേരിടുന്നത്. മതിയായ ചികിത്സ നൽകുന്നതിൽ പരാജയപ്പെട്ടത് മരണത്തിലേക്ക് നയിച്ചെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാൽ പ്രതികൾ ആരോപണങ്ങൾ നിഷേധിക്കുന്നു. കേസിൽ അന്തിമ വിധി വന്നിട്ടില്ല.

