അങ്കാറ: ഇറാനിൽനിന്നുള്ള വധഭീഷണിയെ തുടർന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ തുർക്കിയിലെ അങ്കാറയിൽ നിന്ന് രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറ്റിയതായി റിപ്പോർട്ട്. നാറ്റോ ഉച്ചകോടിക്ക് ശേഷം തുർക്കിയിൽനിന്ന് പുറപ്പെടുന്നതിനിടെയായിരുന്നു സുരക്ഷാ നീക്കം. ട്രംപിന്റെ യാത്രാവിമാനമായ എയർഫോഴ്സ് വൺ തന്നെയാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്ന പ്രതീതി സൃഷ്ടിച്ച് മറ്റൊരു വിമാനത്തെ ഡീകോയ് ആയി ഉപയോഗിക്കുകയായിരുന്നു.
ഇറാനുമായി ബന്ധപ്പെട്ട വിശ്വസനീയമായ ഭീഷണിയെക്കുറിച്ച് യുഎസ് അധികൃതർക്ക് രഹസ്യാന്വേഷണ വിവരം ലഭിച്ചതിനെ തുടർന്നാണ് നീക്കമെന്നാണ് റിപ്പോർട്ട്. വിമാനവിരുദ്ധ മിസൈൽ ഉപയോഗിച്ചുള്ള ആക്രമണത്തിനുള്ള സാധ്യതയും അധികൃതർ പരിഗണിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ട്രംപിനെ എയർഫോഴ്സ് വണ്ണിൽനിന്ന് വിമാനത്താവളത്തിലെ കാറ്ററിങ് വാഹനത്തിലൂടെ മറ്റൊരു യുഎസ് സൈനിക വിമാനമായ സി-32എയിലേക്ക് മാറ്റിയെന്നാണ് വിവരം.
ട്രംപ് രഹസ്യമായി മറ്റൊരു വിമാനത്തിൽ യാത്ര ചെയ്തപ്പോൾ മാധ്യമപ്രവർത്തകരും ചില ഉദ്യോഗസ്ഥരും ഡീകോയ് വിമാനത്തിലായിരുന്നു. ട്രംപ് പിന്നീട് വിമാനമാറ്റം സ്ഥിരീകരിക്കുകയും സീക്രട്ട് സർവീസിന്റെയും സൈന്യത്തിന്റെയും നിർദേശപ്രകാരമാണ് നടപടിയെടുത്തതെന്ന് വ്യക്തമാക്കുകയും ചെയ്തു. ഭീഷണികളുടെ വിശദാംശങ്ങൾ താൻ ചോദിച്ചിരുന്നില്ലെന്നും ട്രംപ് പറഞ്ഞു.
ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണിയുടെ കൃത്യമായ സ്വഭാവം സംബന്ധിച്ച മുഴുവൻ വിവരങ്ങളും യുഎസ് അധികൃതർ പരസ്യമാക്കിയിട്ടില്ല. സംഭവത്തിൽ വൈറ്റ് ഹൗസിന്റെ സുരക്ഷാ നടപടികളും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ച രീതിയും സംബന്ധിച്ച ചർച്ചകളും ഉയർന്നിട്ടുണ്ട്.

