നാകപ്പുഴ: അതിപുരാതന മരിയൻ തീർത്ഥാടന കേന്ദ്രമായ നാകപ്പുഴ മനോഗുണ മാതാവിന്റെ ദേവാലയത്തിലെ എട്ടുനോമ്പ് ആചരണത്തിനും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളിനും ഒരുക്കമായി വഴിയോര ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 15 പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ ദിനത്തിൽ രാവിലെ 11 മണിക്ക് കല്ലൂർക്കാട് ഗ്രോട്ടോ ജംഗ്ഷനിൽ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടക്കും. നാകപ്പുഴ ഇടവകാംഗവും കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജെറീഷ് ജോസ് ഏഴാനിക്കാട്ടാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
തീർത്ഥാടനത്തിന് മുന്നോടിയായി കല്ലൂർക്കാട് മുതൽ പാലക്കുഴി വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലെയും സിഗ്നൽ ബോർഡുകളും പരിസരങ്ങളും വൃത്തിയാക്കും. ‘ത്യാഗം സഹിച്ചും നോമ്പെടുത്തും തിരുനാളിന് ഒരുങ്ങാം’ എന്ന ആഹ്വാനത്തോടെയാണ് ശുചീകരണ പ്രവൃത്തികൾ നടക്കുന്നത്.
ദേവാലയത്തിലെ മരിയൻ തീർത്ഥാടനവും എട്ടുനോമ്പ് ആചരണവും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളും 2026 ഓഗസ്റ്റ് 30 ഞായറാഴ്ച മുതൽ സെപ്റ്റംബർ 15 ചൊവ്വാഴ്ച വരെ ഭക്തിനിർഭരമായി നടക്കും. തിരുനാളിൽ പങ്കെടുക്കാനെത്തുന്ന മരിയൻ ഭക്തരെ സ്വാഗതം ചെയ്യുന്നതിനായി ഇടവക സമൂഹവും നാടൊന്നാകെയും ഒരുങ്ങിക്കഴിഞ്ഞു

