ആദിദേവിന് അടിയന്തര ചികിത്സയും സംരക്ഷണവും ഉറപ്പാക്കി; മലമ്പണ്ടാര വിഭാഗത്തിന് സമഗ്ര ക്ഷേമപദ്ധതികൾ

കുമളി : കുമളി ഗ്രാമസഭയിലെ വള്ളക്കടവ് ഫോറസ്റ്റ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട നാലര വയസ്സുകാരൻ ആദിദേവിന്റെ ആരോഗ്യ പരിചരണത്തിനും ചികിത്സയ്ക്കുമായി പട്ടികവർഗ വകുപ്പ് അടിയന്തര നടപടികൾ സ്വീകരിച്ചു. പോഷകാഹാരക്കുറവ് മൂലമുള്ള പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരു മാസത്തെ തുടർചികിത്സ ഉറപ്പാക്കിയിട്ടുണ്ട്.

മാതാപിതാക്കളുടെ സംരക്ഷണമില്ലാത്ത സാഹചര്യത്തിൽ കുട്ടിയുടെ സുരക്ഷ മുൻനിർത്തി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി (CWC) ചേർന്ന് ദീർഘകാല വളർച്ചയ്ക്കുള്ള നടപടികളും കൈക്കൊണ്ടു. വള്ളക്കടവ് അങ്കണവാടി കേന്ദ്രീകരിച്ച് കൃത്യമായി പോഷകാഹാരം നൽകി വരുന്നുണ്ട്. പരിശോധനകളിൽ കുട്ടിയുടെ ആരോഗ്യനിലയിൽ തൃപ്തികരമായ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, പ്രദേശത്തെ മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട 13 കുട്ടികൾക്ക് സ്കൂളിൽ പോകുന്നതിനായി ‘വിദ്യാവാഹിനി’ വാഹനസൗകര്യവും തിരിച്ചറിയൽ രേഖകളും ഏർപ്പെടുത്തി. അതിപിന്നാക്ക ഗോത്രവിഭാഗമായ മലമ്പണ്ടാര സമുദായത്തിനായി സ്പെഷ്യൽ പാക്കേജ് വഴി പുനരധിവാസവും പ്രതിമാസ ഫുഡ് സപ്പോർട്ട് കിറ്റുകളും സർക്കാർ നൽകിവരുന്നുണ്ടെന്നും മന്ത്രി കെ.എ. തുളസിയുടെ ഓഫീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *