രാജ്യം നാളെ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കും; ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തും

ന്യൂഡൽഹി: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. ചരിത്രപ്രസിദ്ധമായ ഡൽഹി ചെങ്കോട്ടയിൽ നാളെ നടക്കുന്ന പ്രധാന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും നാളെ വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

ചെങ്കോട്ടയിലെ ആഘോഷ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള അയ്യായിരത്തോളം പ്രത്യേക അതിഥികളെയാണ് കേന്ദ്ര സർക്കാർ ഇത്തവണ ക്ഷണിച്ചിരിക്കുന്നത്. ‘പി.എം. വിശ്വകർമ്മ’ പദ്ധതിയുടെ ഗുണഭോക്താക്കളായ 100 പേർ ഇതിൽ പ്രത്യേക അതിഥികളായി പങ്കെടുക്കും. കരകൗശല വിദഗ്ദ്ധർക്ക് പുറമേ, പി.എം. ഇന്റേൺഷിപ്പ് പദ്ധതിയുടെ ഭാഗമായ യുവാക്കൾ, മുദ്ര യോജനയുടെ ഗുണഭോക്താക്കളായ വനിതാ സംരംഭകർ, ശാസ്ത്രജ്ഞർ, ഡ്രൈവർമാർ, വിദ്യാർത്ഥികൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.

വിശിഷ്ടാതിഥികൾ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവരുടെ യാത്ര സുഗമമാക്കുന്നതിനായി നാളെ പുലർച്ചെ നാലുമണി മുതൽ ഡൽഹി മെട്രോയുടെ എല്ലാ ടെർമിനൽ സ്റ്റേഷനുകളിൽ നിന്നും സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *