തിരുവനന്തപുരം: പോലീസ് സ്റ്റേഷൻ ജനങ്ങൾക്ക് ഭയത്തിന്റെ ഇടമല്ലെന്നും, മറിച്ച് സഹായവും സംരക്ഷണവും ലഭിക്കുന്ന ഇടമായി മാറണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. പോലീസിനെക്കുറിച്ചുള്ള കാലങ്ങളായുള്ള ഭയത്തിന്റെ ധാരണ മാറ്റി, പോലീസ് തങ്ങളുടെ സുഹൃത്തും സഹായിയുമാണെന്ന വിശ്വാസം ജനങ്ങളിൽ വളർത്തിയെടുക്കണം. അതേസമയം കുറ്റകൃത്യം ചെയ്താൽ പോലീസ് കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന ഭയം കുറ്റവാളികൾക്കുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പേരൂർക്കട പോലീസ് സ്റ്റേഷനിൽ കേരള പോലീസിന്റെ ‘മൈ പോലീസ് സ്റ്റേഷൻ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പദ്ധതിയുടെ ഔദ്യോഗിക ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.

പോലീസ് സ്റ്റേഷനിലെത്തുന്ന പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ തുടങ്ങി എല്ലാവരോടും ഉദ്യോഗസ്ഥർ സൗമ്യതയോടെയും സ്നേഹത്തോടെയും പെരുമാറണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പരാതി നൽകാൻ എത്തുന്നയാൾക്ക് നീതി ലഭിക്കുമെന്ന ആത്മവിശ്വാസം ഉണ്ടാകണം. ആധുനിക കാലത്തെ ഏറ്റവും ജനസൗഹൃദപരമായ പോലീസ് സങ്കൽപ്പമാണ് ‘മൈ പോലീസ് സ്റ്റേഷൻ’ പദ്ധതിയിലൂടെ മുന്നോട്ടുവയ്ക്കുന്നത്. കുറ്റകൃത്യങ്ങളുടെ മാറുന്ന സ്വഭാവത്തിനനുസരിച്ച് പോലീസിന്റെ അന്വേഷണ രീതിയിലും സമീപനത്തിലും മാറ്റം അനിവാര്യമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, റോബോട്ടിക് സാങ്കേതികവിദ്യ തുടങ്ങിയ ആധുനിക സങ്കേതങ്ങൾ കുറ്റവാളികൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ അതിനനുസരിച്ച് പോലീസിനെയും സജ്ജമാക്കണം. ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി കൂടുതൽ പ്രൊഫഷണലും കാര്യക്ഷമവുമായ സേനയെ സൃഷ്ടിക്കുന്നതിനൊപ്പം ജനങ്ങളോട് സൗഹൃദപരമായി ഇടപെടുന്ന പോലീസ് സംവിധാനവും ഉണ്ടാകണം. ഈ രണ്ട് ലക്ഷ്യങ്ങളും കൈവരിക്കാൻ പദ്ധതിക്ക് കഴിയുമെന്നും, ലഹരിക്കെതിരായ പോരാട്ടത്തിൽ യുവതലമുറയെ രക്ഷിക്കാൻ കേരള പോലീസ് നടത്തുന്ന പ്രവർത്തനങ്ങൾ ലോകത്തിന് മാതൃകയാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള പോലീസിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ നാഴികക്കല്ലാണ് ഈദ്ധതിയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വർഷങ്ങളായി പോലീസ് സ്റ്റേഷൻ പരിസരങ്ങളിൽ കിടക്കുന്ന ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ വേഗത്തിലാക്കാനും അവയിൽ നിന്ന് ലഭിക്കുന്ന തുക ട്രഷറിയിൽ അടയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന ചരിത്രത്തിലാദ്യമായി 63 പോലീസ് സ്റ്റേഷനുകളിൽ വനിതകളെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി (SHO) നിയമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ചടങ്ങിൽ തിരുവനന്തപുരം നഗരസഭ മേയർ വി.വി. രാജേഷ്, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം, മുൻ ഡി.ജി.പിയും പോലീസ് ഉപദേഷ്ടാവുമായ എ. ഹേമചന്ദ്രൻ, എ.ഡി.ജി.പി. പി. വിജയൻ, കമ്മീഷണർ അരുൾ ആർ.ബി. കൃഷ്ണ, പേരൂർക്കട എസ്.എച്ച്.ഒ. ടി.കെ. വിനോദ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

