പത്തനംതിട്ട: സംസ്ഥാനത്ത് മഴക്കെടുതിയിൽ വിളകൾ നശിച്ച കർഷകർക്ക് സർക്കാർ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്. പത്തനംതിട്ട ജില്ലയിലെ മഴക്കെടുതി പ്രദേശങ്ങൾ സന്ദർശിച്ച ശേഷം കളക്ടറേറ്റ് ഗവി കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്താകെ ഇതുവരെ 129 കോടി രൂപയുടെയും, പത്തനംതിട്ട ജില്ലയിൽ മാത്രം 13.59 കോടി രൂപയുടെയും കൃഷിനാശം ഉണ്ടായതായി മന്ത്രി അറിയിച്ചു. കൃഷിനാശത്തിന്റെ പ്രാഥമിക കണക്കെടുപ്പ് രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. നഷ്ടം വിലയിരുത്തുന്നതിനും പുനർനടീൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി പ്രത്യേക ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്. ഇതിനായി ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. കൃഷി ഇൻഷുറൻസ് ഇല്ലാത്തവർക്കും ധനസഹായം ലഭ്യമാക്കും. റീ-സർവേയിലെ അതിർത്തി വ്യത്യാസം പോലുള്ള സാങ്കേതിക കാരണങ്ങളാൽ ഇൻഷുറൻസ് തടസ്സപ്പെട്ട വിഷയങ്ങൾ പ്രത്യേകമായി പരിഗണിക്കും. വിള നാശത്തിനുള്ള ധനസഹായം 25 ശതമാനം വർധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പമ്പ് സെറ്റ്, ജനറേറ്റർ, അനുബന്ധ ഉപകരണങ്ങൾ എന്നിവയ്ക്കുണ്ടായ നഷ്ടം കമ്മ്യൂണിറ്റി അസറ്റ് ഡാമേജ് മാനേജ്മെന്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി പരിഹരിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എൻജിനീയർക്കാണ് ഇതിന്റെ ചുമതല. ഇതുമായി ബന്ധപ്പെട്ട സ്ഥലപരിശോധന മൂന്ന് ആഴ്ചയ്ക്കകം പൂർത്തിയാക്കും. നിലവിലെ ബണ്ടുകൾ ശക്തിപ്പെടുത്തുന്നതിനൊപ്പം കൃഷിഭൂമിയിൽ കെട്ടിക്കിടക്കുന്ന വെള്ളം പമ്പ് ചെയ്ത് കൃഷിയോഗ്യമാക്കുന്നതിനുള്ള മുഴുവൻ ചെലവും സർക്കാർ വഹിക്കും. മണ്ണ് പരിശോധന നടത്തി നീറ്റ് കക്ക, ഡോളോമൈറ്റ് എന്നിവ ലഭ്യമാക്കും. മണ്ണിടിച്ചിലിൽ നശിച്ച കൃഷിഭൂമി പൂർവസ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കുമെന്നും വിത്തുകൾ ഉൾപ്പെടെയുള്ള പുനർനടീൽ വസ്തുക്കൾ സൗജന്യമായി വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കർഷകരുടെ വായ്പകൾക്ക് മോറട്ടോറിയം, റീ-സ്ട്രക്ചറിംഗ്, കൂടുതൽ തിരിച്ചടവ് തവണകൾ, പലിശ ഒഴിവാക്കൽ എന്നിവ പരിഗണിക്കുന്നതിനായി ആർ.ബി.ഐ, നബാർഡ് പ്രതിനിധികൾ ഉൾപ്പെടുന്ന സ്റ്റേറ്റ് ലെവൽ ബാങ്കിംഗ് കമ്മിറ്റി യോഗത്തിൽ പൊതുനിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മാപ്പിങ്ങും വിജ്ഞാപനവും വന്ന ശേഷം ഇതിൽ തുടർനടപടി സ്വീകരിക്കും. കാലവർഷത്തിന് മുന്നോടിയായി നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിനായി വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ജില്ലാ കളക്ടർ അധ്യക്ഷനായുള്ള കമ്മിറ്റി ഡിസംബറിൽ നിലവിൽ വരുമെന്നും, വെള്ളം കയറിയ കൃഷിഭവനുകളുടെ നവീകരണം നബാർഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിൽ (RIDF) ഉൾപ്പെടുത്തി നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

