സ്കൂളുകളിലെ സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ആലപിക്കണമെന്ന് നിർദേശമില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ലെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സ്‌കൂളുകളില്‍ ദേശീയഗാനം ആലപിക്കണമെന്ന് മാത്രമാണ് സർക്കുലറിലുള്ളത്.

സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരം പൂര്‍ണ്ണമായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്‌കൂളുകളിലും ഇത് ബാധകമാക്കുമോ എന്ന തരത്തിൽ ചില അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പുതിയ ഉത്തരവ് വന്നതോടെ ഈ വിഷയത്തിലെ ആശയക്കുഴപ്പങ്ങൾക്ക് വിരാമമായി. ചടങ്ങുകളിൽ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും, ദേശീയപതാക ഉയര്‍ത്തുന്നത് സംബന്ധിച്ച കൃത്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങളും ഹരിത പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന വ്യവസ്ഥയും സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രോട്ടോക്കോള്‍ ഓഫിസറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഈ ഉത്തരവ് പുറത്തിറക്കിയത്.

ചീഫ് സെക്രട്ടറി സര്‍ക്കുലറിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം കൈമാറുക മാത്രമാണ് ചെയ്തതെന്നും സംസ്ഥാന സര്‍ക്കാരിന് ഇത്തരം നിലപാടുകളില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ നയമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിയും പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സ്കൂളുകൾക്കായുള്ള പ്രത്യേക സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *