മെൽബൺ: ഓസ്ട്രേലിയൻ മണ്ണിൽ വീണ്ടും മലയാള സിനിമയ്ക്ക് അഭിമാന നിമിഷം സമ്മാനിച്ച് പ്രശസ്ത നടൻ ദുൽഖർ സൽമാൻ. മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിന്റെ (IFFM) 2026-ലെ പതിപ്പിന്റെ ഔദ്യോഗിക ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ തിരഞ്ഞെടുക്കപ്പെട്ടു. ഒരു മലയാള നടന് ലഭിക്കുന്ന വലിയൊരു അന്താരാഷ്ട്ര അംഗീകാരമാണിത്.
മേളയുടെ ഭാഗമായി ഓസ്ട്രേലിയയിലെ മെൽബണിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ ദുൽഖർ പങ്കെടുത്തു. തന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചും ആഗോളതലത്തിൽ ഇന്ത്യൻ സിനിമ കൈവരിക്കുന്ന വളർച്ചയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രിയതാരത്തെ നേരിൽ കാണാനും വിശേഷങ്ങൾ പങ്കുവെക്കാനുമായി ഓസ്ട്രേലിയയിലെ പ്രവാസി മലയാളികളും ഇതര ഇന്ത്യൻ സിനിമാപ്രേമികളും ഉൾപ്പെടെ വൻ ജനക്കൂട്ടമാണ് വാർത്താസമ്മേളന വേദിയിലേക്ക് എത്തിയത്. ഓസ്ട്രേലിയയിലുടനീളം വൻ വരവേൽപ്പാണ് താരത്തിന് ലഭിക്കുന്നത്.
ഇതിഹാസ താരം മമ്മൂട്ടിയുടെ മകൻ എന്നതിലുപരി സ്വന്തം അഭിനയമികവിലൂടെ പാൻ-ഇന്ത്യൻ തലത്തിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച ദുൽഖർ സൽമാൻ, തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ വിജയങ്ങളിലൂടെ ഓസ്ട്രേലിയൻ പ്രേക്ഷകർക്കിടയിലും വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയിട്ടുണ്ട്

