അഡ്‌ലെയ്ഡിൽ ആവേശമായി ഫ്ലിൻഡേഴ്സ് ഹോസ്പിറ്റൽ നഴ്സുമാരുടെ ഓണാഘോഷം

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയിലെ ഓണാഘോഷങ്ങൾക്ക് ആവേശം പകർന്ന് അഡ്‌ലെയ്ഡിലെ ഫ്ലിൻഡേഴ്സ് പ്രൈവറ്റ് ഹോസ്പിറ്റലിലെ മലയാളി നഴ്സുമാരുടെ ഓണ സ്നേഹസംഗമം സംഘടിപ്പിച്ചു. മലയാളി അസോസിയേഷൻ ഓഫ് ഫ്ലിൻഡേഴ്സ് പ്രൈവറ്റ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ മോർഫെറ്റ് വേൽ കമ്മ്യൂണിറ്റി സെന്ററിലാണ് പരിപാടികൾ അരങ്ങേറിയത്. ഫ്ലിൻഡേഴ്സ് പ്രൈവറ്റ് ഹോസ്പിറ്റലിലെ മലയാളി നഴ്സുമാരും അവരുടെ കുടുംബാംഗങ്ങളും ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്തു.

വൈകുന്നേരം 5 മണി മുതൽ അർദ്ധരാത്രി വരെ നീണ്ടുനിന്ന പരിപാടിയിൽ മാവേലി മന്നനെ വരവേറ്റും നിലവിളക്കിൽ തിരിതെളിയിച്ചും ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ആശുപത്രിയിൽ 15 വർഷമായി നഴ്സിംഗ് മേഖലയിൽ സേവനമനുഷ്ഠിക്കുന്ന സീനിയർ നഴ്സുമാരെ മൊമെന്റോകൾ നൽകി ആദരിച്ചു. മുതിർന്ന നഴ്സുമാർ പങ്കുവെച്ച അനുഭവങ്ങൾ യുവതലമുറയ്ക്ക് പ്രചോദനമായി.

15 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി നടത്തിയ ‘കിഡ്സ് ബെസ്റ്റ് ഡ്രസ്സ്ഡ്’ മത്സരത്തിൽ കേരളത്തനിമയാർന്ന വേഷങ്ങളിലെത്തിയ കുട്ടികളിൽ നിന്നും ‘ഓണക്കുട്ടൻ’, ‘ഓണക്കുട്ടി’ എന്നിവരെ തിരഞ്ഞെടുത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു. നഴ്സുമാരും കുടുംബാംഗങ്ങളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും ലൈവ് മ്യൂസിക്കും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

അഡ്‌ലെയ്ഡിലെ ‘കൈപുണ്യം’ ഒരുക്കിയ വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യ ആഘോഷങ്ങളുടെ പ്രധാന ആകർഷണമായി. വെൽത്ത്‌കെയർ സൊല്യൂഷൻസ് (ലോൺവെബ്), ഓസ്ട്രേലിയൻ ഇൻഡോർ ആൻഡ് ഔട്ട്ഡോർ ലിവിംഗ്, വൈ.എൻ.എ നഴ്സിംഗ് ഏജൻസീസ്, ടേസ്റ്റി ബൈറ്റ്സ് എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കുകയും മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *