ദുബായ്: 13,000 അടി ഉയരത്തിൽ വിമാനത്തിൽനിന്ന് ദേശീയപതാകകളുമായി ഒരുമിച്ച് ചാടി 65 സ്കൈ ഡൈവർമാർ ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടി. സംഘത്തിൽ മലയാളിയുൾപ്പെടെ മൂന്ന് ഇന്ത്യക്കാരും പങ്കെടുത്തു.
കണ്ണൂർ സ്വദേശി ജംഷീർ തണലോട്ട്, ഉത്തർപ്രദേശിലെ ഗോരഖ്പുർ സ്വദേശി അഭിഷേക് റാവത്ത്, ബിഹാറിലെ പട്‌ന സ്വദേശി ഇഷാ രാജ് എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഓഗസ്റ്റ് ഏഴിന് ലിബിയയിൽ നടന്ന സാഹസിക ദൗത്യത്തിലാണ് ഇവർ പങ്കെടുത്തത്. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൈ ഡൈവിംഗ് കൂട്ടായ്മയുടെ ഭാഗമായാണ് മൂന്നുപേരും ദൗത്യത്തിനെത്തിയത്.
ഒരേ വിമാനത്തിൽനിന്ന് 38 രാജ്യങ്ങളിൽ നിന്നുള്ള 65 സ്കൈ ഡൈവർമാർ സ്വന്തം രാജ്യങ്ങളുടെ ദേശീയപതാകകളുമായി ഒരേസമയം ചാടിയതാണ് റെക്കോർഡിന് വഴിയൊരുക്കിയത്. ഇല്യൂഷിൻ-76 ടി.ഡി. സൈനിക വിമാനത്തിൽനിന്നായിരുന്നു ചാട്ടം. ഓഗസ്റ്റ് 14ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് നേട്ടം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ത്രിവർണപതാകയുമായാണ് മൂന്ന് ഇന്ത്യക്കാരും പങ്കെടുത്തത്. പാരച്യൂട്ടിൽ പതാകകൾ കുരുങ്ങാതെ നിയന്ത്രിക്കുകയും നിശ്ചിത സ്ഥലത്ത് സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു.
സാധാരണ ഇത്തരം സ്കൈ ഡൈവിംഗ് ജംപുകളിൽ 21 പേരോളം മാത്രമാണ് പങ്കെടുക്കാറുള്ളതെന്ന് ജംഷീർ തണലോട്ട് പറഞ്ഞു. ഒരൊറ്റ വിമാനത്തിൽനിന്ന് 65 പേർ ഒരുമിച്ച് ചാടിയത് കായികരംഗത്ത് അപൂർവ നേട്ടമാണെന്നും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്കൊപ്പം ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

