കൊച്ചി: കർഷക ദിനത്തിൽ ശ്രദ്ധേയമായ ചുവടുവെപ്പുമായി എറണാകുളം ഗവൺമെന്റ് ലോ കോളേജിലെ എൻഎസ്എസ് കൂട്ടായ്മ. ക്യാമ്പസിലെ ജൈവമാലിന്യങ്ങൾ പൂർണ്ണമായും സംസ്കരിച്ച് ‘എൻഎസ്എസ് ഗ്രീൻ ഗ്രോ’ എന്ന പേരിൽ ജൈവവളമാക്കി വിപണിയിലെത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി. കോളേജ് അസംബ്ലി ഹാളിൽ നടന്ന ചടങ്ങിൽ ഗോ ഗ്രീൻ ജൈവവള വിതരണത്തിന്റെ ഉദ്ഘാടനം എറണാകുളം എംഎൽഎ ടി.ജെ. വിനോദ് നിർവഹിച്ചു.
ഉറവിട ജൈവമാലിന്യ സംസ്കരണത്തിൽ വെല്ലുവിളികൾ ഉയരുന്ന കാലഘട്ടത്തിൽ ഗവൺമെന്റ് ലോ കോളേജ് പൊതുസമൂഹത്തിന് മികച്ചൊരു സന്ദേശമാണ് നൽകുന്നതെന്ന് എംഎൽഎ പറഞ്ഞു. ജൈവമാലിന്യ പരിപാലനത്തിൽ മലയാളികളുടെ മനോഭാവത്തിൽ മാറ്റം വരുത്താൻ മാതൃകയായി പ്രവർത്തിച്ച എൻഎസ്എസ് യൂണിറ്റിനെ അദ്ദേഹം അഭിനന്ദിച്ചു. വളം വിപണനത്തിലൂടെ വരുമാനം കണ്ടെത്തുക എന്നതിലുപരി പുതിയ തലമുറ ഇത്തരം പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിലേക്ക് കടന്നുവരുന്നത് ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രിൻസിപ്പൽ ഡോ. ബിന്ദു മോൾ വി.സി. അധ്യക്ഷത വഹിച്ച യോഗത്തിൽ കൊച്ചി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീന ഗോകുലൻ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. ആദ്യ വിതരണം ഡിവിഷൻ കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ നിർവഹിച്ചു. ചടങ്ങിൽ ഹരിത കേരളം മിഷൻ കോർപ്പറേഷൻ കോഡിനേറ്റർ നിസ്സാ നിഷാദ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ലക്ഷ്മി ജി.ആർ., എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറിമാരായ ആദിത്യ കൃഷ്ണ, ജൈത്ര കെ., തീർത്ഥ എൻ., അഞ്ജന റീജ രാജൻ എന്നിവർ സംസാരിച്ചു.
ഹരിത കേരളം മിഷന്റെയും ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും സഹകരണത്തോടെ കോളേജിൽ സ്ഥാപിച്ച ബയോ കമ്പോസ്റ്റർ ബിന്നിൽ നിന്നുള്ള ജൈവവളമാണ് ഇത്തരത്തിൽ വിപണിയിൽ എത്തിക്കുന്നത്. കോളേജ് എൻഎസ്എസ് 22-ാം യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഇതിന്റെ പരിപാലനം നടന്നു വരുന്നത്

