യുക്രെയ്‌നുള്ള ബ്രിട്ടിഷ് പിന്തുണ തുടരും; ബ്രിട്ടന് തിരിച്ചടി നേരിടേണ്ടിവരുമെന്ന് റഷ്യ

ലണ്ടൻ: റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്‌ന് ബ്രിട്ടന്റെ പിന്തുണയിൽ മാറ്റമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി ആൻഡി ബേർനാം. യുക്രെയ്‌നൊപ്പം നിൽക്കേണ്ടത് നിലവിലെ സാഹചര്യത്തിൽ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രെയ്‌ന് ബ്രിട്ടൻ ഡ്രോണുകൾ നൽകുന്നതിനെതിരെ റഷ്യ തിരിച്ചടി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ബേർനാമിന്റെ പ്രതികരണം.

റഷ്യയ്ക്കുള്ളിൽ ആക്രമണം നടത്താൻ യുക്രെയ്ൻ സൈന്യം ബ്രിട്ടിഷ് നിർമിത ഡ്രോണുകൾ ഉപയോഗിക്കുന്നതായി ദ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലണ്ടനിലെ റഷ്യൻ എംബസി ബ്രിട്ടനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. യുക്രെയ്‌നുള്ള ബ്രിട്ടിഷ് പിന്തുണയ്ക്ക് ആനുപാതികമായ തിരിച്ചടി ബ്രിട്ടന് നേരിടേണ്ടിവരുമെന്നാണ് എംബസി അറിയിച്ചത്.

അതേസമയം, റഷ്യയിലെ ദൂരപ്രദേശങ്ങളിലുള്ള എണ്ണശുദ്ധീകരണശാലകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും ബ്രിട്ടിഷ് ഡ്രോണുകൾ ഇത്തരം ആക്രമണങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയവും ടൈംസ് റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടില്ല.

2026 അവസാനത്തോടെ യുക്രെയ്‌ന് 1.5 ലക്ഷം ഡ്രോണുകൾ നൽകുമെന്ന് ബ്രിട്ടൻ ജൂണിൽ പ്രഖ്യാപിച്ചിരുന്നു. യുക്രെയ്‌നുള്ള സൈനിക പിന്തുണ തുടരുമെന്ന നിലപാടാണ് ബ്രിട്ടൻ ആവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *