ടെഹ്റാൻ: യുദ്ധവും കടുത്ത സാമ്പത്തിക ഉപരോധങ്ങളും ഇറാന്റെ സമ്പദ്വ്യവസ്ഥയെ കൂടുതൽ പ്രതിസന്ധിയിലാക്കിയതായി റിപ്പോർട്ട്. യുഎസ് നാവിക ഉപരോധം ശക്തമായതോടെ കടൽമാർഗമുള്ള ഇറക്കുമതിയും, വ്യോമാക്രമണത്തിൽ റോഡുകളും പാലങ്ങളും തകർന്നതോടെ കരഗതാഗതവും പ്രതിസന്ധിയിലായി.
ജൂലൈയിൽ ഇറാനിലെ വാർഷിക പണപ്പെരുപ്പം 66 ശതമാനമായി ഉയർന്നു. ഭക്ഷ്യവില 128 ശതമാനം വർധിച്ചതായും റിപ്പോർട്ടുണ്ട്. റിയാലിന്റെ മൂല്യത്തകർച്ച ജനങ്ങളുടെ വാങ്ങൽശേഷിയെയും ബാധിച്ചു. വാടക 31 ശതമാനവും ടെഹ്റാനിലെ ഭവനവില 50 ശതമാനവും ഉയർന്നതായാണ് കണക്ക്.
തൊഴിൽ നഷ്ടവും ദാരിദ്ര്യവും വർധിക്കുന്ന സാഹചര്യത്തിൽ പുതിയ ജനകീയ പ്രക്ഷോഭം ഉണ്ടാകുമെന്ന ആശങ്കയിലാണ് ഇറാൻ ഭരണകൂടം. പ്രതിഷേധങ്ങൾ നിയന്ത്രിക്കാൻ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നതിനൊപ്പം വിദ്യാർഥികൾക്കും ആക്ടിവിസ്റ്റുകൾക്കുമെതിരായ നടപടികളും തുടരുകയാണ്.

