ന്യൂഡൽഹി: ആർക്ടിക് മേഖലയിലെ വടക്കൻ കടൽപാതയിലൂടെ ഇന്ത്യയിലേക്ക് ചരക്കുകപ്പൽ എത്തി. റഷ്യൻ തുറമുഖമായ സെന്റ് പീറ്റേഴ്സ്ബർഗിൽനിന്ന് പുറപ്പെട്ട കപ്പൽ കൊൽക്കത്തയിലെ ശ്യാമപ്രസാദ് മുഖർജി തുറമുഖത്താണ് എത്തിയത്.
ആദ്യമായാണ് ഈ പാതയിലൂടെ റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് ചരക്കുകപ്പൽ എത്തുന്നതെന്നാണ് റിപ്പോർട്ട്. ആർക്ടിക് സമുദ്രത്തിലെ മഞ്ഞുപാളികൾക്കിടയിലൂടെ സഞ്ചരിച്ച കപ്പൽ സാധാരണ സൂയസ് കനാൽ പാതയേക്കാൾ കുറഞ്ഞ ദൂരത്തിലാണ് യാത്ര പൂർത്തിയാക്കിയത്.
റഷ്യയിൽനിന്നുള്ള വ്യാപാരത്തിന് പുതിയ സമുദ്രമാർഗം തുറക്കുന്നതിനൊപ്പം ഇന്ത്യ-റഷ്യ വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിനും വടക്കൻ കടൽപാത സഹായകരമാകുമെന്നാണ് വിലയിരുത്തൽ. ആഗോള വ്യാപാരത്തിലെ പരമ്പരാഗത സമുദ്രമാർഗങ്ങൾക്ക് ബദൽ ഒരുക്കുന്നതിലും പാതയ്ക്ക് പ്രാധാന്യമുണ്ട്.

