ന്യൂയോർക്ക്: ഹാർട്ട് എയ്റോസ്പേസിന്റെ X1 ബാറ്ററി-ഇലക്ട്രിക് വിമാനം ആദ്യ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി. ഓഗസ്റ്റ് 12ന് ന്യൂയോർക്കിലെ പ്ലാറ്റ്സ്ബർഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു 27 മിനിറ്റ് നീണ്ട പറക്കൽ. വിമാനം 1,100 അടി ഉയരത്തിലെത്തി.
25,000 പൗണ്ടിലധികം ടേക്ക്‌ഓഫ് ഭാരമുള്ള X1 ആണ് പറന്നിട്ടുള്ളതിൽ ഏറ്റവും വലിയ ബാറ്ററി-ഇലക്ട്രിക് വിമാനമെന്ന് കമ്പനി അറിയിച്ചു. നാല് ഇലക്ട്രിക് മോട്ടോറുകളാണ് വിമാനത്തിന് കരുത്ത് നൽകുന്നത്. പരീക്ഷണപ്പറക്കലിൽ ഏകദേശം അഞ്ച് ഡോളർ വിലവരുന്ന വൈദ്യുതിയാണ് ഉപയോഗിച്ചതെന്നും കമ്പനി വ്യക്തമാക്കി.
കമ്പനിയുടെ 30 സീറ്റുള്ള ES-30 ഹൈബ്രിഡ്-ഇലക്ട്രിക് പ്രാദേശിക വിമാനത്തിന്റെ വികസനത്തിനായുള്ള പരീക്ഷണവേദിയായാണ് X1 ഉപയോഗിക്കുന്നത്. ES-30ന് 2031ൽ സർട്ടിഫിക്കേഷൻ ലക്ഷ്യമിടുന്നതായി ഹാർട്ട് എയ്റോസ്പേസ് അറിയിച്ചു.

