ഓർമ്മയിലെ ഓണം ഈ വർഷം അമ്മയോടൊപ്പം’; അഡ്ലൈഡ് ‘അമ്മ’യുടെ ഓണാഘോഷത്തിൽ വിനോദ് കോവൂർ മുഖ്യാതിഥിയാകും

അഡ്ലൈഡ്: അഡ്ലൈഡിലെ പ്രമുഖ മലയാളി സംഘടനയായ ‘അമ്മ’ സംഘടിപ്പിക്കുന്ന ഈ വർഷത്തെ വിപുലമായ ഓണാഘോഷ പരിപാടികളിൽ പ്രശസ്ത ചലച്ചിത്ര താരവും കലാകാരനുമായ വിനോദ് കോവൂർ മുഖ്യാതിഥിയായി എത്തുന്നു. “ഓർമ്മയിലെ ഓണം ഈ വർഷം അമ്മയോടൊപ്പം” എന്ന ആപ്തവാക്യത്തോടെയാണ് ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 22 ശനിയാഴ്ച പാരാഫീൽഡ് ഗാർഡൻസിലുള്ള ‘അങ്കോർ ഹാളിൽ’ (Angkor Hall, 376-386 Salisbury Hwy, Parafield Gardens SA) വെച്ചാണ് പരിപാടികൾ നടക്കുക.

ഒരു മണിക്കൂർ നീളുന്ന വിനോദ് കോവൂരിന്റെ തത്സമയ കോമഡിയും മറ്റ് കലാപരിപാടികളും ഇത്തവണത്തെ ഓണാഘോഷത്തിന്റെ പ്രധാന ആകർഷണമായിരിക്കും. മുൻപ് നടൻ ജയറാമിനും സംഘത്തിനുമൊപ്പം ഓസ്ട്രേലിയയിൽ പര്യടനം നടത്തിയിട്ടുണ്ടെങ്കിലും, ഇത്തവണ തികച്ചും തനിച്ചാണ് അദ്ദേഹം അഡ്ലൈഡിലെ മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.

വിസയും യാത്രാ ടിക്കറ്റും ലഭിച്ച വിവരവും എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി യാത്രയ്ക്ക് ഒരുങ്ങിയതിന്റെ സന്തോഷവും വിനോദ് കോവൂർ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. താരത്തിന്റെ സാന്നിധ്യം പരിപാടികൾക്ക് കൂടുതൽ മിഴിവേകുമെന്നും ആഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും ‘അമ്മ’ ഭാരവാഹികൾ വ്യക്തമാക്കി. അഡ്ലൈഡിലെ മലയാളി കുടുംബങ്ങൾക്കിടയിൽ ആഘോഷത്തിന്റെ ആരവങ്ങൾ ഇതിനകം തന്നെ സജീവമായിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *