കർഷകരുടെ മാനസികാരോഗ്യം ആശങ്കയിൽ; വിഷാദവും നിരാശയും വർധിക്കുന്നതായി റിപ്പോർട്ട്

മെൽബൺ: ഓസ്‌ട്രേലിയൻ കർഷകരുടെ മാനസികാരോഗ്യം അതീവ ഗുരുതരമായ നിലയിലേക്ക് നീങ്ങുന്നതായി പുതിയ ‘നാഷണൽ ഫാർമർ വെൽബീയിംഗ് റിപ്പോർട്ട്’ (National Farmer Wellbeing Report). ആയിരത്തിലധികം കർഷകരെ പങ്കെടുപ്പിച്ചു നടത്തിയ സർവേയിൽ, 54 ശതമാനം പേരും കടുത്ത വിഷാദമോ നിരാശയോ അനുഭവിക്കുന്നതായി വെളിപ്പെടുത്തി. കർഷക സമൂഹം നേരിടുന്ന മാനസിക സംഘർഷങ്ങൾ വർധിച്ചുവരുന്നതായാണ് പഠനത്തിലെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.

തുടർച്ചയായി ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളാണ് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സർവേയിൽ പങ്കെടുത്ത 91 ശതമാനം കർഷകരും വിവിധ പ്രകൃതിദുരന്തങ്ങൾക്ക് ഇരയായതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇത്തരം ദുരന്തങ്ങൾ കർഷകരുടെ സാമ്പത്തിക നിലയെ മാത്രമല്ല, മാനസികാരോഗ്യത്തെയും സാരമായി ബാധിക്കുന്നുണ്ട്.

പ്രകൃതിദുരന്തങ്ങൾക്ക് പിന്നാലെ കർഷകർക്ക് വേഗത്തിലുള്ള സാമ്പത്തിക സഹായവും കൃത്യമായ മാനസിക പിന്തുണയും ഉറപ്പാക്കാൻ സർക്കാർ അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു. കർഷകരുടെ ക്ഷേമം ഉറപ്പാക്കാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള പിന്തുണ സംവിധാനങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *