കാൻബറ: ക്രിസ്തുമസ് ഷോപ്പിംഗ് തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ വീടുകളിലേക്ക് എത്തുന്ന ഓൺലൈൻ ഡെലിവറി പാക്കറ്റുകൾ കവരുന്ന മോഷ്ടാക്കൾ വ്യാപകമാകുന്നതായി മുന്നറിയിപ്പ്. ഓസ്ട്രേലിയയിലെ ഓൺലൈൻ ഉപഭോക്താക്കളിൽ അഞ്ചിലൊരാൾ (20 ശതമാനം) ഏതെങ്കിലും ഘട്ടത്തിൽ പാർസൽ മോഷ്ടാക്കളുടെ ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വീടുകളുടെ മുന്നിൽ വെക്കുന്ന പലചരക്ക് സാധനങ്ങൾ മുതൽ 500 ഡോളർ വിലമതിക്കുന്ന ഹാൻഡ്ബാഗ് വരെ മോഷ്ടാക്കൾ കവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജോലിക്ക് പോയ സമയത്ത് വീടിന് മുന്നിൽ വെച്ച പാർസൽ മോഷണം പോയതിനെ തുടർന്ന് ഒരു വീട്ടുടമസ്ഥൻ 379 ഡോളർ ചെലവഴിച്ച് സുരക്ഷിതമായ പാർസൽ ബോക്സ് സ്ഥാപിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ക്രിസ്മസ് തിരക്കേറിയ സീസണിൽ മാത്രം ഓസ്ട്രേലിയ പോസ്റ്റ് ഏകദേശം 11.1 കോടി (111 മില്യൺ) പാർസലുകളാണ് വിതരണം ചെയ്തത്.
മോഷണം തടയുന്നതിനായി സുരക്ഷിതമായ ഡെലിവറി മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാൻ അധികൃതർ ഉപഭോക്താക്കളോട് നിർദ്ദേശിച്ചു. ‘ദി ഐക്കോണിക്, യൂണിക്ലോ’ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓസ്ട്രേലിയ പോസ്റ്റ് പാർസൽ ലോക്കറുകളിലേക്ക് ഡെലിവറി സൗകര്യം നൽകുന്നുണ്ട്. പാർസലുകളുടെ നീക്കം കൃത്യമായി നിരീക്ഷിക്കാനും സുരക്ഷിതമായ കളക്ഷൻ പോയിന്റുകൾ ഉപയോഗിക്കാനും, വീടുകൾക്ക് മുന്നിൽ പാക്കറ്റുകൾ ആരുമില്ലാതെ ഉപേക്ഷിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാനും ക്രിസ്തുമസ് മുന്നറിയിപ്പിൽ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു.

