കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടൻ; ധർമേന്ദ്ര പ്രധാൻ തിരിച്ചെത്തിയേക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയിൽ ഉടൻ പുനഃസംഘടന ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വീണ്ടും മന്ത്രിസഭയിൽ ഇടം നേടിയേക്കുമെന്നാണ് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യവ്യാപകമായി വിദ്യാർഥി പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കഴിഞ്ഞ ജൂലൈ 25നാണ് പ്രധാൻ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചത്. എന്നാൽ പാർട്ടിയിലും കേന്ദ്ര നേതൃത്വത്തിലും അദ്ദേഹത്തിന് പിന്തുണ തുടരുന്നതായാണ് റിപ്പോർട്ട്. രാജിക്കുശേഷം പാർലമെന്റിലെത്തിയ അദ്ദേഹത്തിന് ബിജെപി എംപിമാർ സ്വീകരണം നൽകിയതും ശ്രദ്ധേയമായിരുന്നു.

ബിജെപി അധ്യക്ഷൻ നിതിൻ നബീൻ പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിസഭയിലും മാറ്റങ്ങൾക്ക് സാധ്യതയേറിയത്. നിലവിലെ കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലിനെ ബിജെപി ദേശീയ ട്രഷററായി നിയമിച്ചിരുന്നു.

പുനഃസംഘടനയിൽ കൂടുതൽ വനിതാ നേതാക്കൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകാനും എൻഡിഎയിലെ സഖ്യകക്ഷികൾക്ക് കൂടുതൽ അവസരം നൽകാനും സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. എന്നാൽ മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് അന്തിമ പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *