ഇടുക്കി ഡാം എല്ലാദിവസവും തുറന്നുകൊടുക്കാന്‍ നടപടി സ്വീകരിക്കും; മന്ത്രി സണ്ണി ജോസഫ്

ചെറുതോണി: ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്ന ആവശ്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. ചെറുതോണിയില്‍ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ‘ഓണോത്സവ് 2026’ ജില്ലാതല ഓണാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡീന്‍ കുര്യാക്കോസ് എം.പിയുടെയും റോയ് കെ. പൗലോസിന്റെയും അഭ്യര്‍ത്ഥന മാനിച്ച് ഓണത്തോടനുബന്ധിച്ച് ഡാം പത്ത് ദിവസത്തേക്ക് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കാന്‍ പ്രത്യേക ഉത്തരവ് ഇറക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ഡാം എല്ലാ ദിവസവും തുറന്നുകൊടുക്കണമെന്നാണ് നാടിന്റെ ആവശ്യമെന്നും, ഇതിനായി വൈദ്യുതി ബോര്‍ഡ് ചെയര്‍മാനുമായും മറ്റ് ബോര്‍ഡംഗങ്ങളുമായി ചര്‍ച്ച നടത്തി ഒരു ഇടുക്കിക്കാരന്‍ എന്ന നിലയില്‍ ഉറച്ച നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൂറിസം രംഗത്ത് ഇടുക്കിക്കുള്ള സവിശേഷ സാധ്യതകള്‍ ടൂറിസം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ഇടുക്കി വൈദ്യുതി പദ്ധതി പ്രദേശത്ത് കേന്ദ്ര സഹായത്തോടെയുള്ള ടൂറിസം വികസന പദ്ധതി അതിവേഗം നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കും. ഡാം സന്ദര്‍ശന വേളയില്‍ ടൂറിസം മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അൻപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച ഇടുക്കി ഡാം അത്ഭുതമല്ല, മറിച്ച് എന്‍ജിനീയറിങ് മികവിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും മായാജാലമാണെന്ന് പറഞ്ഞ മന്ത്രി, പദ്ധതിക്ക് നേതൃത്വം നല്‍കിയവരെയും എന്‍ജിനീയറിങ് വിഭാഗത്തെയും പ്രശംസിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

കേരളത്തിന്റെ പവര്‍ഹൗസായ ഇടുക്കി തന്നെയാണ് സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം ജില്ലയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പ്രകൃതിരമണീയത നിലനിര്‍ത്തിക്കൊണ്ട് തന്നെ ടൂറിസം സാധ്യതകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തണം. ഇടുക്കി പദ്ധതി പ്രദേശത്ത് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശാനുമതി നിഷേധിക്കാന്‍ സാധിക്കില്ല. ഒരവസരത്തില്‍ ഡാമിലെ ജലനിരപ്പ് 22 ശതമാനത്തിലേക്ക് താഴ്ന്നിരുന്നെങ്കിലും മഴ ലഭിച്ചതോടെ നിലവില്‍ 57 ശതമാനത്തിലേക്ക് ഉയര്‍ന്നത് വലിയ ആശ്വാസമാണ്.

ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്നും കര്‍ഷകരുടെ ഭൂമിയുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച് നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം മെഡിക്കല്‍ കോളേജിന്റെ വികസനത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും മുന്‍ഗണന നല്‍കും. പരിസ്ഥിതി സംരക്ഷിക്കുമ്പോള്‍ തന്നെ ആ നിയമങ്ങള്‍ കൃഷിക്കാര്‍ക്കും പ്രദേശവാസികള്‍ക്കും എതിരാകരുതെന്ന നിലപാടിലാണ് സര്‍ക്കാരെന്നും മന്ത്രി വ്യക്തമാക്കി. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും കാലഘട്ടത്തിലേക്ക് കേരളത്തെ നയിക്കുന്നതില്‍ ഇടുക്കിക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *