മെൽബൺ: പടിഞ്ഞാറൻ മെൽബണിലെ സൺഷൈനിൽ സഹ വ്യാപാരിയെ കൗമാരസംഘത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മർദ്ദനമേറ്റ് പലചരക്ക് വ്യാപാരി കൊല്ലപ്പെട്ട കേസിൽ 13-കാരനെ ചിൽഡ്രൻസ് കോടതി കുറ്റവിമുക്തനാക്കി. അക്രമം, കലാപമുണ്ടാക്കൽ, മനഃപൂർവം പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് മജിസ്‌ട്രേറ്റ് റദ്ദാക്കിയത്. കുട്ടി ആക്രമണത്തിൽ പങ്കാളിയല്ലെന്ന് തെളിയിക്കുന്ന പുതിയ വിവരങ്ങൾ പുറത്തുവന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി.
ഓഗസ്റ്റ് ഒന്നിനാണ് ഹോങ് ഹങ് ഏഷ്യൻ ഗ്രോസറി ഉടമയായ വാൻ വിയറ്റ് ട്രൂയോങ് (60) ക്രൂരമായ ആക്രമണത്തിന് ഇരയായത്. ട്രൂയോങ്ങിന്റെ കടയ്ക്ക് സമീപമുള്ള വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച് ഓടിയ കൗമാരസംഘത്തെ കടയിലെ ജീവനക്കാരനും മറ്റൊരു ദൃക്‌സാക്ഷിയും ചേർന്ന് പിന്തുടരുകയായിരുന്നു. ഇവരെ സംഘം ആക്രമിക്കുന്നത് കണ്ട് തടയാൻ ഓടിയെത്തിയപ്പോഴാണ് അക്രമികൾ ട്രൂയോങ്ങിന് നേരെ തിരിഞ്ഞത്.
നിലത്തേക്ക് വലിച്ചിഴയ്ക്കപ്പെട്ട ട്രൂയോങ്ങിന്റെ തല റോഡിൽ ശക്തിയായി ഇടിക്കുകയും തുടർന്ന് സംഘം ഇയാളെ തുടർച്ചയായി മർദ്ദിക്കുകയുമായിരുന്നു. അക്രമം നിർത്താൻ ദൃക്‌സാക്ഷികൾ അപേക്ഷിച്ചെങ്കിലും പ്രതികൾ മർദ്ദനം തുടർന്ന ശേഷം കടന്നുകളഞ്ഞു. ബോധരഹിതനായി നിലത്തു വീണ ട്രൂയോങ്ങിനെ ഗുരുതരാവസ്ഥയിൽ കോമയിലായ നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെന്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്തിയെങ്കിലും നാല് ദിവസങ്ങൾക്ക് ശേഷം ജീവൻ രക്ഷാ ഉപകരണങ്ങൾ വിച്ഛേദിച്ചതോടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തിൽ വ്യാപാരിയെ നിലത്തേക്ക് വലിച്ചിഴച്ചതായി ആരോപിക്കപ്പെടുന്ന 15 വയസ്സുള്ള മറ്റൊരു ആൺകുട്ടിക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി യൂത്ത് ഡിറ്റൻഷൻ സെന്ററിൽ റിമാൻഡ് ചെയ്തിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട 14 വയസ്സുള്ള രണ്ട് പെൺകുട്ടികൾക്കും 12 വയസ്സുള്ള ഒരു ആൺകുട്ടിക്കും സമൂഹത്തിന് സുരക്ഷാഭീഷണിയല്ലെന്ന നിരീക്ഷണത്തിൽ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

