ഓണം വിപണി പരിശോധന- ബാലരാമപുരം മേഖലയിൽ എട്ട് കടകളിൽ ക്രമക്കേട് കണ്ടെത്തി; ഗാർഹിക സിലിണ്ടറുകൾ പിടിച്ചെടുത്തു

തിരുവനന്തപുരം: ഓണം വിപണിയിലെ ക്രമക്കേടുകൾ തടയുന്നതിനും ഉപഭോക്താക്കളുടെ താല്പര്യം സംരക്ഷിക്കുന്നതിനുമായി ബാലരാമപുരം മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിൽ ജില്ലാ സപ്ലൈ ഓഫീസിന്റെ പ്രത്യേക സ്ക്വാഡ് മിന്നൽ പരിശോധന നടത്തി. എ.ഡി.എം എ. നിസയുടെ സാന്നിധ്യത്തിൽ ജില്ലാ സപ്ലൈ ഓഫീസർ സ്മിത എസ്. ആറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

മേഖലയിലെ 12 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നാല് പ്രൊവിഷൻ സ്റ്റോറുകൾ, മൂന്ന് ഹോട്ടലുകൾ, ഒരു പച്ചക്കറിക്കട ഉൾപ്പെടെ എട്ട് സ്ഥാപനങ്ങളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ഹോട്ടലുകളിൽ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന സബ്സിഡി നിരക്കിലുള്ള ആറ് ഗാർഹിക എൽ.പി.ജി സിലിണ്ടറുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇവ തുടർനടപടികൾക്കായി ബന്ധപ്പെട്ട ഗ്യാസ് ഏജൻസിക്ക് സുരക്ഷിത കസ്റ്റഡിയിലേക്ക് മാറ്റി നൽകി.

പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകൾക്കെതിരെ എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് (1955) പ്രകാരം തുടർനടപടികൾ സ്വീകരിക്കുന്നതിനായി വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കും. വരും ദിവസങ്ങളിലും അമിതവില ഈടാക്കൽ, വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കൽ, ഗാർഹിക സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്യൽ തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെ പരിശോധന കർശനമായി തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *