വംശീയാധിക്ഷേപ വിധി ചോദ്യം ചെയ്ത് പോളിൻ ഹാൻസൻ ഹൈക്കോടതിയി ലേക്ക്; സെക്ഷൻ 18C-ക്കെതിരായ നീക്കം പ്രവാസികൾക്ക് നിർണായകം

കാൻബറ: ഓസ്‌ട്രേലിയൻ വംശീയ വിവേചന നിയമത്തിലെ സെക്ഷൻ 18C (Section 18C) പ്രകാരം തനിക്കെതിരെ വന്ന സുപ്രധാന വിധിക്കെതിരെ അപ്പീൽ നൽകാൻ വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസൻ ഹൈക്കോടതിയെ സമീപിക്കുന്നു. സൗത്ത് ഏഷ്യൻ വംശജയായ സെനറ്റർക്കെതിരായ പരാമർശം വംശീയാധിക്ഷേപമാണെന്ന ഫെഡറൽ കോടതി വിധിക്കെതിരെയാണ് ഹാൻസൻ പരമോന്നത കോടതിയിൽ പുതിയ നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്.

താൻ കുറ്റക്കാരിയാണെന്ന ഫുൾ ഫെഡറൽ കോടതിയുടെ മുൻവിധി ചോദ്യം ചെയ്യുന്നതിനായി ഹൈക്കോടതിയിൽ സ്പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്യുമെന്ന് പോളിൻ ഹാൻസന്റെ ഓഫീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. തന്റെ പരാമർശം ഭരണഘടന ഉറപ്പുനൽകുന്ന രാഷ്ട്രീയ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതാണെന്നാണ് ഹാൻസന്റെ പ്രധാന വാദം. എന്നാൽ ഹൈക്കോടതി പ്രത്യേക അനുമതി നൽകിയാൽ മാത്രമേ ഈ അപ്പീൽ ഹർജിയിൽ വാദം കേൾക്കുകയുള്ളൂ.

2022 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാകിസ്ഥാൻ വംശജയായ ഗ്രീൻസ് സെനറ്റർ മെഹ്‌റീൻ ഫാറൂഖിയോട് രാജ്യം വിട്ടുപോകാൻ ആവശ്യപ്പെട്ട് ഹാൻസൻ സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. ഈ പരാമർശം വംശീയമായി അപമാനിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് വ്യക്തമാക്കിയാണ് ഫെഡറൽ കോടതി ഹാൻസനെതിരെ വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ മാസം ഫുൾ ഫെഡറൽ കോടതിയും ഈ വിധി ശരിവെച്ചിരുന്നു. ഇത്തരം വിദ്വേഷ പരാമർശങ്ങളെ രാഷ്ട്രീയ അഭിപ്രായ സ്വാതന്ത്ര്യമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ, മലയാളി സമൂഹങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് വംശീയാധിക്ഷേപങ്ങൾക്കെതിരെ നിയമപരിരക്ഷ നൽകുന്ന പ്രധാന വകുപ്പാണ് സെക്ഷൻ 18C. ഈ നിയമത്തിന്റെ ഭരണഘടനാ സാധുത തന്നെയാണ് ഹാൻസൻ ഇപ്പോൾ ചോദ്യം ചെയ്യുന്നത് എന്നതിനാൽ, ഈ കേസിൽ ഹൈക്കോടതി എടുക്കുന്ന അന്തിമ തീരുമാനം രാജ്യത്തെ പ്രവാസി സമൂഹത്തിന് ഏറെ നിർണ്ണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *