മംഗലാപുരം റെയിൽവേ സ്റ്റേഷൻ മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്നത് ഏകപക്ഷീയം; തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ

തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്നും മംഗലാപുരം സ്റ്റേഷൻ ഉൾപ്പെടുന്ന ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. സതേൺ റെയിൽവേയുടെ പരിധിയിലുള്ള ഉള്ളാൾ മുതൽ മംഗലാപുരം വരെയുള്ള പ്രദേശങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ ലയിപ്പിക്കുന്നതിലൂടെ സതേൺ റെയിൽവേയ്ക്കും കേരളത്തിനും വലിയ നഷ്ടമാണ് സംഭവിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തോട് ആലോചിക്കുകയോ ചർച്ചകൾ നടത്തുകയോ ചെയ്യാതെയാണ് പാലക്കാട് ഡിവിഷനെ വിഭജിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

വളരെ പ്രധാനപ്പെട്ട മംഗലാപുരം ജംഗ്ഷൻ ഒഴിവാക്കുന്നത് പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയ്ക്കുകയും വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. റെയിൽവേയുടെ ഈ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. തീരുമാനം പുനഃപരിശോധിക്കണമെന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണെന്നും അടിയന്തര പ്രശ്നപരിഹാരം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും കത്തയയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ എം.പിമാരുടെ സഹകരണത്തോടെ കേന്ദ്രത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റെയിൽവേ ബോർഡിന്റെ നടപടിക്കെതിരെ മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും പാർലമെന്ററി പാർട്ടി ലീഡറുമായ ഇ. ടി. മുഹമ്മദ് ബഷീർ എം.പിയും രംഗത്തെത്തി. ചരിത്രപ്രാധാന്യമുള്ള ഭാഗങ്ങൾ ഒറ്റയടിക്ക് മാറ്റിയത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും മലയാളികൾ ഏറെ ആശ്രയിക്കുന്ന പ്രദേശമായ മംഗലാപുരത്തെ വിമാനത്താവളം, തുറമുഖം എന്നിവയുമായുള്ള കണക്റ്റിവിറ്റി കുറയുന്നതിനും വരുമാന നഷ്ടത്തിനും ഇത് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ സേലം ഡിവിഷൻ രൂപീകരിച്ചപ്പോൾ പാലക്കാടിന്റെ പരിധി കുറഞ്ഞിരുന്നുവെന്നും പുതിയ തീരുമാനം കേരളത്തിലൂടെയുള്ള ട്രെയിൻ സർവീസുകളെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മംഗലാപുരം പാലക്കാട് ഡിവിഷനിൽ തന്നെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഇ. ടി. മുഹമ്മദ് ബഷീർ എം.പി കത്ത് നൽകി.

Leave a Reply

Your email address will not be published. Required fields are marked *