ഓസ്ട്രേലിയൻ മൈഗ്രേഷൻ നമ്പർ ദുരുപയോഗം ചെയ്താൽ രജിസ്ട്രേഷൻ റദ്ദാക്കും; ഏജന്റുമാർക്കെതിരെ നടപടികൾ ശക്തമാക്കി സർക്കാർ

കാൻബറ: മൈഗ്രേഷൻ ഏജന്റുമാരുടെ ഔദ്യോഗിക രജിസ്ട്രേഷൻ നമ്പർ (MARN) ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടികളുമായി ഓസ്ട്രേലിയൻ സർക്കാരും മൈഗ്രേഷൻ റെഗുലേറ്ററി അതോറിറ്റിയായ ഒമാറയും (OMARA). ലൈസൻസുള്ള ഏജന്റുമാർ തങ്ങളുടെ രജിസ്ട്രേഷൻ നമ്പർ അനധികൃതരായ മൂന്നാം കക്ഷികൾക്കോ രജിസ്ട്രേഷൻ ഇല്ലാത്ത ജീവനക്കാർക്കോ വിസ അപേക്ഷകൾ ഫയൽ ചെയ്യാൻ വിട്ടുനൽകുന്ന പ്രവണത തടയാനാണ് അധികൃതർ നിരീക്ഷണം ശക്തമാക്കിയത്.

ഇത്തരം നിയമവിരുദ്ധ ക്രമക്കേടുകൾ കണ്ടെത്തിയാൽ ബന്ധപ്പെട്ട ഏജന്റുമാരുടെ ലൈസൻസ് ഉടനടി റദ്ദാക്കുന്നതിനൊപ്പം അഞ്ച് വർഷം വരെ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് വിലക്കുകയും ചെയ്യും. വ്യാജ രേഖകൾ ചമയ്ക്കൽ, അനധികൃത ഇമിഗ്രേഷൻ സേവനങ്ങൾ നൽകൽ എന്നിവ തടയുന്നതിനായി ഒമാറയുടെ പ്രത്യേക അന്വേഷണ സംഘങ്ങൾ പരിശോധന വ്യാപിപ്പിച്ചു. വിസ നടപടികൾക്കായി ഏജൻസികളെ സമീപിക്കുന്നവർ, സേവനം നൽകുന്ന വ്യക്തി നേരിട്ട് രജിസ്റ്റർ ചെയ്ത ഏജന്റാണോ (Registered Migration Agent) എന്ന് ഔദ്യോഗിക വെബ്സൈറ്റ് (mara.gov.au) വഴി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *