സിഡ്നി: പ്രാദേശിക നാടക വേദികളിൽ നിന്നും ഹ്രസ്വചിത്രങ്ങളിൽ നിന്നും മലയാളത്തിന്റെ മുൻനിര താരങ്ങൾക്കൊപ്പമുള്ള ബിഗ് സ്ക്രീൻ അനുഭവത്തിലേക്ക് ചുവടുവെച്ച് സിഡ്നി മലയാളി താരം ലിബിൻ ടോം. വൈശാഖ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ഓണം റിലീസ് ചിത്രം ‘ഖലീഫ’യിലാണ് ഗോപകുമാർ എന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധേയമായ വേഷം ലിബിൻ കൈകാര്യം ചെയ്തിരിക്കുന്നത്. സ്വപ്നങ്ങൾക്ക് പിന്നാലെയുള്ള അർപ്പണബോധമുള്ള യാത്രയാണ് ഈ യുവ നടനെ മലയാള സിനിമാലോകത്തിന്റെ മുൻനിരയിലേക്ക് എത്തിച്ചിരിക്കുന്നത്.
ലിബിൻ ടോമിനൊപ്പം ഓസ്ട്രേലിയൻ പ്രവാസി മലയാളി കലാകാരന്മാരുടെ വലിയൊരു നിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അഡ്വക്കേറ്റ് വിജു കുര്യൻ എന്ന കഥാപാത്രമായി എത്തുന്ന റോണി ജോസഫ് (ഫ്ലൈവേൾഡ് സി.ഇ.ഒ), ജോബി കലാഭവൻ, ദിലു ഡാനിയേൽ, അരുൺ അശോക്, സിബിൻ ബാബു, ശ്രീലക്ഷ്മി, മാർഷൽ ജോസഫ് എന്നിവരും ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ‘ഖലീഫ’ ഇപ്പോൾ സിഡ്നിയിലെ പ്രമുഖ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

