സൗത്ത് അഡ്‌ലെയ്ഡ് മലയാളി കമ്മ്യൂണിറ്റിയുടെ ഒന്നിച്ചാവാം നല്ലോണം – ഓണം ഫെസ്റ്റ് 2026 ഇന്ന്; മുഖ്യാതിഥിയായി നടി മോക്ഷ എത്തും

അഡ്‌ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് മലയാളി സമൂഹം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ‘ഒന്നിച്ചാവാം നല്ലോണം – ഓണം ഫെസ്റ്റ് 2026’ ഇന്ന് നടക്കും. സൗത്ത് അഡ്‌ലെയ്ഡ് മലയാളി കമ്മ്യൂണിറ്റി (SAMC) സംഘടിപ്പിക്കുന്ന, ആയിരത്തോളം പേർ അണിനിരക്കുന്ന സൗത്ത് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഈ ഓണാഘോഷത്തിന് ക്ലോവെല്ലി പാർക്കിലെ കോസ്‌ഗ്രോവ് കമ്മ്യൂണിറ്റി ഹാൾ വേദിയാകും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി സംഘാടകർ കർശന നിർദ്ദേശങ്ങളും സമയക്രമവും പുറത്തിറക്കിയിട്ടുണ്ട്.

കോസ്‌ഗ്രോവ് ഹാളിൽ രാവിലെ 11:30 മുതൽ ഉച്ചയ്ക്ക് 2:30 വരെയാണ് വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യ ക്രമീകരിച്ചിരിക്കുന്നത്. അവസാന സിറ്റിംഗ് ഉച്ചയ്ക്ക് 2:30-ന് പൂർത്തിയാകുമെന്നതിനാൽ തിരക്ക് ഒഴിവാക്കാനായി ആളുകൾ മുൻകൂട്ടിത്തന്നെ എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. വൈകുന്നേരം 4:00 മണിക്ക് ഔദ്യോഗിക സാംസ്കാരിക ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ വേദിയിലെത്തും. പ്രശസ്ത തെന്നിന്ത്യൻ സിനിമാതാരവും നർത്തകിയുമായ മോക്ഷ (Mokksha) ചടങ്ങിലും ആഘോഷ പരിപാടികളിലും മുഖ്യാതിഥിയായി പങ്കെടുക്കും.

പരിപാടിയുടെ പ്രവേശന ടിക്കറ്റുകൾ ദിവസങ്ങൾക്ക് മുൻപ് തന്നെ പൂർണ്ണമായും വിറ്റുതീർന്നതായി ഭാരവാഹികൾ ഔദ്യോഗികമായി അറിയിച്ചു. വേദിയിൽ കൗണ്ടർ ടിക്കറ്റ് വിൽപ്പന ഉണ്ടായിരിക്കുന്നതല്ലെന്നും നിലവിൽ ടിക്കറ്റ് ഉള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആഘോഷത്തോടനുബന്ധിച്ച് കേരള തനിമയാർന്നതും ആധുനികവുമായ വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഭക്ഷണപദാർത്ഥങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള പ്രത്യേക സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.

പരിപാടിക്കെത്തുന്നവർക്കായി കർശന പാർക്കിംഗ് മാർഗ്ഗനിർദ്ദേശങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർ റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കണം. സമീപത്തെ വീടുകളുടെ ഡ്രൈവ്‌വേകൾ തടസ്സപ്പെടുത്തിയോ ‘നോ പാർക്കിംഗ്’ രേഖപ്പെടുത്തിയിട്ടുള്ള മേഖലകളിലോ ഒരു കാരണവശാലും വാഹനങ്ങൾ നിർത്തരുത്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ലോക്കൽ കൗൺസിലിൽ നിന്നോ പോലീസിൽ നിന്നോ വലിയ തുക പിഴ ഈടാക്കാൻ സാധ്യതയുണ്ടെന്നും സംഘാടകർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *