കേന്ദ്രം ഉറപ്പ് പാലിച്ചില്ലെന്ന് സിജെപി; വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് നീക്കം

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് വീണ്ടും രാജ്യവ്യാപക സമരത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ജൂലൈ 25ന് സമരം പിൻവലിച്ചതിന് പിന്നാലെ കേന്ദ്രം നൽകിയ ഉറപ്പുകൾ പാലിക്കുന്നതിനായി സ്വീകരിച്ച നടപടികളെക്കുറിച്ച് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് സിജെപി വ്യക്തമാക്കിയത്.

ഇന്ന് ചേരുന്ന യോഗത്തിൽ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്ന് സിജെപി അറിയിച്ചു. സമാധാനപരമായ മറ്റൊരു രാജ്യവ്യാപക പ്രതിഷേധം ഉൾപ്പെടെയുള്ള നടപടികൾ യോഗം പരിഗണിക്കും.

വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി, നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം, പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കൽ തുടങ്ങിയ ആവശ്യങ്ങളാണ് സിജെപി കേന്ദ്രത്തിന് മുന്നിൽ ഉന്നയിച്ചിരുന്നത്. ഇതിൽ ധർമേന്ദ്ര പ്രധാന്റെ രാജി മാത്രമാണ് നടപ്പായതെന്ന് സിജെപി ആരോപിച്ചു. കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയും ജിതേന്ദ്ര സിങ്ങും ഉറപ്പുകൾ പാലിക്കുമെന്ന് അറിയിച്ചതിനെ തുടർന്നാണ് ജൂലൈ 25ന് സമരം അവസാനിപ്പിച്ചതെന്നും സംഘടന വ്യക്തമാക്കി.

പ്രതിഷേധവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ സംയോജിത പട്ടിക സമർപ്പിക്കാൻ സുപ്രീംകോടതി മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ തയ്യാറായില്ലെന്നും സിജെപി ആരോപിച്ചു. എഫ്ഐആറുകൾ പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്യണമെന്നും സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ ഭാവിയിൽ ശിക്ഷാ നടപടികൾ ഉണ്ടാകരുതെന്നുമാണ് സംഘടനയുടെ ആവശ്യം.

ഉറപ്പുകൾ നടപ്പാക്കുന്നതിൽ കാലതാമസം വരുത്തുകയോ വ്യാഖ്യാനിച്ച് മാറ്റുകയോ ചെയ്യുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും അത്തരം നീക്കങ്ങൾ വിശ്വാസവഞ്ചനയായി കണക്കാക്കുമെന്നും സിജെപി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *