ന്യൂയോർക്ക്: 2026 യുഎസ് ഓപ്പണിന്റെ സമ്മാനത്തുക റെക്കോർഡ് ഉയരത്തിൽ. ടൂർണമെന്റിലെ ആകെ സമ്മാനത്തുക 108 മില്യൺ യുഎസ് ഡോളറായി ഉയർത്തി. കഴിഞ്ഞ വർഷത്തെ 90 മില്യൺ ഡോളറിൽ നിന്ന് 20 ശതമാനമാണ് വർധന. ഇതോടെ ടെന്നിസ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടൂർണമെന്റായി യുഎസ് ഓപ്പൺ മാറും.
പുരുഷ, വനിതാ സിംഗിൾസ് ജേതാക്കൾക്ക് 55 ലക്ഷം ഡോളർ വീതം ലഭിക്കും. കഴിഞ്ഞ വർഷം ലഭിച്ച 50 ലക്ഷം ഡോളറിൽ നിന്ന് 10 ശതമാനം കൂടുതലാണിത്. റണ്ണറപ്പിന് 28 ലക്ഷം ഡോളറും സെമിഫൈനലിലെത്തുന്നവർക്ക് 14.5 ലക്ഷം ഡോളറും ക്വാർട്ടർ ഫൈനലിസ്റ്റുകൾക്ക് 7.8 ലക്ഷം ഡോളറും ലഭിക്കും.
ആദ്യ റൗണ്ടിൽ പുറത്താകുന്ന സിംഗിൾസ് താരങ്ങൾക്കുള്ള സമ്മാനത്തുകയിലും ഗണ്യമായ വർധനയുണ്ട്. 2026ൽ 1.4 ലക്ഷം ഡോളറാണ് ആദ്യ റൗണ്ട് സമ്മാനത്തുക. കഴിഞ്ഞ വർഷത്തേക്കാൾ 27 ശതമാനം കൂടുതലാണിത്.
താരങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക പ്ലെയർ സപ്പോർട്ട് പ്രോഗ്രാമിനും യുഎസ് ടെന്നിസ് അസോസിയേഷൻ തുടക്കമിട്ടിട്ടുണ്ട്. രണ്ട് മില്യൺ ഡോളറാണ് പദ്ധതിക്കായി ആദ്യഘട്ടത്തിൽ മാറ്റിവച്ചിരിക്കുന്നത്. സമ്മാനത്തുക വർധിപ്പിച്ചതിനൊപ്പം ടൂർണമെന്റുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളിൽ താരങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 13 വരെയാണ് ഇത്തവണത്തെ യുഎസ് ഓപ്പൺ നടക്കുന്നത്.

