ഇഡി കേസ് പ്രതികളുടെ റീൽ ചിത്രീകരണം; ആറ് പോലീസുകാർക്കെതിരെ നടപടി

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ പോലീസ് സ്റ്റേഷനു മുന്നിൽ ഓണാഘോഷം നടത്തുകയും റീൽ ചിത്രീകരിക്കുകയും ചെയ്ത സംഭവത്തിൽ ആറ് പോലീസുകാർക്കെതിരെ നടപടി. ഇവരെ താത്കാലികമായി എആർ ക്യാംപിലേക്ക് മാറ്റും. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ജിഡി ചുമതലയുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെയാണ് ആറ് പേരെ എആർ ക്യാംപിലേക്ക് മാറ്റുന്നത്. പ്രതികൾ റീൽ ചിത്രീകരിച്ചപ്പോൾ നോക്കിനിന്ന പോലീസുകാരും നടപടിക്ക് വിധേയരാകും. സ്റ്റേഷൻ എസ്എച്ച്ഒ പ്രശാന്ത് ഇന്നലെ ചുമതല ഒഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കാര്യത്തിൽ തുടർനടപടി എന്തുവേണമെന്ന് ഐജി തലത്തിൽ തീരുമാനിക്കും.

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു പ്രതികൾ ഓണാഘോഷം നടത്തുകയും റീൽ ചിത്രീകരിക്കുകയും ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദമായത്. കേസിലെ പ്രതിയായ ഐ.പി. ബിനുവും ആഘോഷത്തിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഓണാഘോഷത്തിന് ബിനുവിനെ പോലീസ് ക്ഷണിച്ചിരുന്നില്ലെന്നും കേസുമായി ബന്ധപ്പെട്ട് ഒപ്പിടുന്നതിനായാണ് അദ്ദേഹം സ്റ്റേഷനിലെത്തിയതെന്നുമാണ് പോലീസിന്റെ വിശദീകരണം.

സംഭവത്തെ തുടർന്ന് സ്റ്റേഷനു മുന്നിൽ സ്ഥാപിച്ചിരുന്ന ഊഞ്ഞാൽ പോലീസ് നീക്കം ചെയ്തിരുന്നു. ബിനുവിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഓണാഘോഷം സംഘടിപ്പിച്ചതിൽ പോലീസുകാർക്ക് പ്രതികളുമായി ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചനാ ബന്ധമുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസിന്റെ നേതൃത്വത്തിൽ പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *