കനത്ത മഴയിൽ ഡൽഹി; 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും. മോശം കാലാവസ്ഥയെ തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തേണ്ട 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. 12 വിമാനങ്ങൾ ജയ്പൂരിലേക്കും രണ്ടെണ്ണം ചണ്ഡിഗഢിലേക്കും ഒരെണ്ണം ലഖ്നൗവിലേക്കുമാണ് തിരിച്ചുവിട്ടത്. മൂന്ന് അന്താരാഷ്ട്ര സർവീസുകളും ഇതിൽ ഉൾപ്പെടുന്നു.

ഐടിഒ, മഥുര റോഡ്, ഭൈറോൺ മാർഗ്, സഖിറ അണ്ടർപാസ് തുടങ്ങിയ പ്രധാന മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം മന്ദഗതിയിലായി. ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലും സമാന സാഹചര്യം റിപ്പോർട്ട് ചെയ്തു.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇന്ത്യ കാലാവസ്ഥാ വകുപ്പ് ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇടിമിന്നലിനും ശക്തമായ കാറ്റിനുമൊപ്പം മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വിമാന സർവീസുകളിലെ മാറ്റങ്ങൾ യാത്രക്കാർ മുൻകൂട്ടി പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *