കൊച്ചി: മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യത്തിൽ യുഡിഎഫിൽ ഭിന്നത. ജില്ല രൂപീകരണത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണെന്ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ പറയുമ്പോൾ, യുഡിഎഫിലെ ഒരു വിഭാഗം എതിർപ്പ് അറിയിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം എതിർപ്പ് അറിയിച്ചേക്കും.
മൂവാറ്റുപുഴ ജില്ല എന്ന ആവശ്യം ദീർഘകാലമായി ഉയരുന്നുണ്ടെങ്കിലും മാത്യു കുഴൽനാടൻ അടുത്തിടെയാണ് ഇക്കാര്യം പരസ്യമായി ഉന്നയിച്ചത്. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷച്ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശനോടാണ് അദ്ദേഹം ആവശ്യം മുന്നോട്ടുവച്ചത്. ജില്ല രൂപീകരണ ആവശ്യം സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ കുഴൽനാടൻ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.
പുതിയ ജില്ലകൾ രൂപീകരിക്കുന്നതിനായി സർക്കാർ ഡീലിമിറ്റേഷൻ കമ്മിഷനെ നിയോഗിക്കുമെന്നും മൂവാറ്റുപുഴയുടെ ആവശ്യവും പരിഗണിക്കുമെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. 1984ൽ കാസർകോട് രൂപീകരിച്ചതിന് ശേഷം കേരളത്തിൽ പുതിയ ജില്ല നിലവിൽ വന്നിട്ടില്ല.

