തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തിയ പായസ മത്സരം രുചി വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. വാഴപ്പിണ്ടി പായസം തയ്യാറാക്കിയ കുടുംബശ്രീ സംഘം മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള ജലജ ഷാജു, ഷാഹിദ, ഫാത്തിമ സുഹ്‌റ എന്നിവരുടെ ടീമാണ് വാഴപ്പിണ്ടി പായസം ഒരുക്കിയത്. വിവിധ മേളകളിൽ വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങളുമായി ഈ സംഘം മുൻപും പങ്കെടുത്തിട്ടുണ്ട്.
മലബാർ ട്രഡീഷണൽ ഏത്തപ്പഴം പായസം, ഇളനീർ പായസം, ചക്കക്കുരു പ്രഥമൻ എന്നിവയൊരുക്കിയ കാസർകോട് സ്വദേശി ഷിഫ ഫാത്തിമ രണ്ടാം സ്ഥാനവും, പാചകത്തിൽ തഴക്കവും പഴക്കവുമുള്ളവരോട് മത്സരിച്ച് കടലപ്പായസം തയ്യാറാക്കിയ തൈക്കാട് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി വിനീത് എ. എം മൂന്നാം സ്ഥാനവും നേടി.
സൂര്യകാന്തി വേദിയിൽ നടന്ന ചടങ്ങിൽ ഫുഡ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ഡോ. ശശി തരൂർ എം.പി നിർവഹിച്ചു. ലോകത്തെവിടെയാണെങ്കിലും ഓണമെന്നാൽ ഓണസദ്യയാണെന്നും, മാവേലി ആഗ്രഹിച്ചതു തന്നെയാണ് നമ്മുടെ സർക്കാരും നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഒരുപോലെ കാണുകയും എല്ലാവർക്കും സമൃദ്ധിയുണ്ടാകുക എന്നതുമാണ് ഓണത്തിന്റെ സന്ദേശമെന്നും എം.പി കൂട്ടിച്ചേർത്തു.
ടൂറിസം, സാംസ്കാരികം, സിനിമാ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് വിജയികൾക്ക് യഥാക്രമം 15,000, 10,000, 7,500 രൂപയുടെ ക്യാഷ് അവാർഡും ഉപഹാരവും സമ്മാനിച്ചു. ഓണത്തിന്റെ പ്രധാനപ്പെട്ട ഐറ്റമാണ് ഓണസദ്യയെന്നും കേരളത്തിന്റെ ഓരോ മേഖലകളിലുമുള്ള വ്യത്യസ്ത വിഭവങ്ങൾ ഒരുമിച്ച് അനുഭവിക്കാനുള്ള അവസരമാണ് മേളയിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരനും പായസ മത്സരം കാണാനെത്തിയിരുന്നു.
ചടങ്ങിൽ ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ എം. വിൻസന്റ്, എം.ആർ. ബൈജു, ഫുഡ് ഫെസ്റ്റിവൽ കൺവീനർ രാജേന്ദ്രൻ, ടൂറിസം ഡയറക്ടർ എം. അഞ്ജന, അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ് തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

കേരളത്തിന്റെ തനത് വിഭവങ്ങൾ, ട്രഡീഷണൽ വിഭവങ്ങൾ, ആദിവാസി വിഭാഗങ്ങളുടെ പ്രത്യേക ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുത്തി 15 സ്റ്റാളുകളാണ് ഫുഡ് ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുള്ളത്. 13 മത്സരാർത്ഥികൾ പങ്കെടുത്ത പായസ മത്സരത്തിൽ മാമ്പഴം-പേരയ്ക്ക പായസം, മധുരക്കിഴങ്ങ് പായസം, ഈന്തപ്പഴം ക്യാരറ്റ് പായസം, ബദാം പായസം, പൈനാപ്പിൾ പായസം, ബീറ്റ്‌റൂട്ട് പായസം, അലോവേര പായസം, ചൗവ്വരി പായസം, കേരള സ്റ്റൈൽ അടപ്രഥമൻ, സേമിയ പായസം തുടങ്ങി വിപുലമായ വിഭവങ്ങൾ ഒരുക്കിയിരുന്നു. തൈക്കാട് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വിനീതിനെ കൂടാതെ രൂപേഷ്, ചിന്നു, നിഖിൽ, അജിത് എന്നീ വിദ്യാർത്ഥികളും മാറ്റുരച്ചു. മസ്കറ്റ് ഹോട്ടലിലെ ചീഫ് എക്സിക്യൂട്ടീവ് ഷെഫ് അരുൺ എസ്.എച്ച്, കെ.ടി.ഡി.സി ചൈത്രം ഹോട്ടലിലെ ചീഫ് ഷെഫ് ബാബുരാജ് എസ്. എന്നിവരായിരുന്നു വിധികർത്താക്കൾ. മന്ത്രിമാരും വിശിഷ്ടാതിഥികളും പായസം രുചിച്ചാണ് വേദി വിട്ടത്.

