എസ്.സി, എസ്.ടി ഭവനനിർമ്മാണം വകുപ്പ് നേരിട്ട് ഏറ്റെടുക്കും: മന്ത്രി കെ.എ. തുളസി

പാലക്കാട്: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ ഭവനനിർമ്മാണം വകുപ്പ് നേരിട്ട് ഏറ്റെടുക്കുമെന്നും നിലവിലെ നിർമ്മാണ തുക നാല് ലക്ഷം രൂപയിൽ നിന്ന് കാലാനുസൃതമായി വർദ്ധിപ്പിക്കുമെന്നും പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി അറിയിച്ചു. ഐ.ടി.ഡി.പി വഴിയാണ് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുക. അട്ടപ്പാടിയിൽ പട്ടികവർഗ വിഭാഗങ്ങൾക്കുള്ള ഓണസമ്മാന വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ലൈഫ് പദ്ധതിയിലൂടെ വിവിധ ഫണ്ടുകൾ സംയോജിപ്പിച്ചാണ് നിലവിൽ വീടുകൾ നിർമ്മിക്കുന്നത്. ഭവനരഹിതർക്കായി പി.എം.എ.വൈ ഉൾപ്പെടെയുള്ള പദ്ധതികളിലൂടെയും വീടുകൾ നൽകും. മൂന്ന് മുതൽ 15 വരെ വീടുകളുള്ള മേഖലകളെ ഊരുകളായി പ്രഖ്യാപിക്കുമെന്നും ഇതിലൂടെ വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആദിവാസി മേഖലകളിലെ പുതിയ പദ്ധതികൾ സംബന്ധിച്ച നിർദേശം കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്. നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പട്ടികജാതി വിഭാഗങ്ങൾക്കായി ആയിരം പഠനമുറികൾ നിർമ്മിക്കുന്നത് പൂർത്തിയായി വരികയാണ്. പഠനമുറികൾ അനുവദിക്കുന്ന വീടുകളുടെ വിസ്തൃതി 1000 സ്ക്വയർ ഫീറ്റായി ഉയർത്തിയിട്ടുണ്ട്.

ആദിവാസി ഗോത്രസമൂഹങ്ങളുടെ താമസകേന്ദ്രങ്ങളെ ‘ഉന്നതി’ എന്ന് വിളിക്കുന്നതിന് പകരം ‘ഊരുകൾ’ എന്നാക്കിയത് ഗോത്രസമൂഹത്തിന്റെ ആഗ്രഹപ്രകാരമാണ്. ചരിത്രത്തിൽ നിന്ന് ‘ഊര്’, ‘ഗോത്രം’ തുടങ്ങിയ വാക്കുകൾ മാറ്റാനാകില്ലെന്നും പേരുമാറ്റത്തിനൊപ്പം അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഓണക്കോടി നൽകാനായിരുന്നു സർക്കാരിന്റെ ആദ്യ തീരുമാനമെങ്കിലും എല്ലാ ഊരുകളിലും സമയബന്ധിതമായി എത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കാരണമാണ് പണമായി നൽകാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഓഗസ്റ്റ് 25-ന് മുൻപ് 60 വയസ്സ് കഴിഞ്ഞ എല്ലാ ഊരുവാസികൾക്കും 1,000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിൽ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അട്ടപ്പാടിയെ ടൂറിസ്റ്റ് ഹബ്ബാക്കി മാറ്റുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. ഇതിനായുള്ള പദ്ധതി നിർദേശങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമർപ്പിക്കണമെന്നും ഇത് പ്രദേശത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് അറുപത് വയസ്സ് പൂർത്തിയായ 52,826 പട്ടികവർഗക്കാർക്കാണ് ഓണസമ്മാനം നൽകുന്നത്. കൊട്ടമേട് ഊരിലെ കാളി മൂപ്പന് ആയിരം രൂപ നൽകി മന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഹൈദരാബാദ് മഹീന്ദ്ര യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ കെ.എം. അനുവിനെ ചടങ്ങിൽ ആദരിച്ചു.

അഗളി കില ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക്, അംഗം കെ. സനൽകുമാർ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അല്ലൻ, പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. തങ്കവേലു, ഷോളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.എസ്. ചിത്ര, ജില്ലാ പഞ്ചായത്ത് അംഗം വി.എം. ലത്തീഫ്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം മഹേശ്വരി രവികൃഷ്ണൻ, സംസ്ഥാന പട്ടികവർഗ ഉപദേശക സമിതി അംഗം എം. രാജൻ, അട്ടപ്പാടി ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ വി.കെ. സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *