ഇന്ത്യ-ചൈന അതിർത്തി ചർച്ചകൾക്കായി അജിത് ഡോവൽ ബെയ്ജിങ്ങിൽ

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി പ്രശ്നത്തിൽ പ്രത്യേക പ്രതിനിധികളുടെ 25-ാം വട്ട ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ബെയ്ജിങ്ങിലെത്തി. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ഡോവൽ ചർച്ച നടത്തും. അതിർത്തിയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനൊപ്പം ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വിഷയങ്ങളും ചർച്ചയിൽ ഉൾപ്പെടും.

ചൊവ്വാഴ്ച നടക്കുന്ന കൂടിക്കാഴ്ച ഇന്ത്യ-ചൈന ബന്ധത്തിൽ അടുത്തകാലത്തുണ്ടായ പുരോഗതിയുടെ പശ്ചാത്തലത്തിലാണ്. 2020ലെ അതിർത്തി സംഘർഷത്തിന് ശേഷം ഇരുരാജ്യങ്ങളും ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 2024 ഒക്ടോബറിലെ സൈനിക പിന്മാറ്റ ധാരണയ്ക്കു ശേഷവും അതിർത്തി പ്രശ്നം പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല.

സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായുള്ള ഉന്നതതല നയതന്ത്ര നീക്കങ്ങൾക്കും ഡോവലിന്റെ സന്ദർശനത്തിന് പ്രാധാന്യമുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കുള്ള സാധ്യതയും ചർച്ചയാകുന്നുണ്ട്.

അതിർത്തിയിലെ സമാധാനം നിലനിർത്തുന്നത് ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിന് നിർണായകമാണെന്ന നിലപാടാണ് ഇരുരാജ്യങ്ങളും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്. അതിർത്തി പ്രശ്നത്തിന് ദീർഘകാല പരിഹാരം കണ്ടെത്തുന്നതിനുള്ള ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകുകയാണ് പ്രത്യേക പ്രതിനിധി സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *