കനകക്കുന്നിൽ കാണികളെ വിസ്മയിപ്പിച്ച് കേരള പോലീസ് ഡോഗ് സ്‌ക്വാഡിന്റെ അഭ്യാസപ്രകടനം

തിരുവനന്തപുരം: തലസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടി കനകക്കുന്ന് കൊട്ടാരവളപ്പിൽ കേരള പോലീസ് ഡോഗ് സ്‌ക്വാഡിന്റെ ഡെമോൺസ്‌ട്രേഷൻ അരങ്ങേറുന്നു. കാണികളെ ഒന്നടങ്കം ആകർഷിക്കുന്ന വൈവിധ്യമാർന്ന അഭ്യാസപ്രകടനങ്ങളാണ് ഡോഗ് സ്‌ക്വാഡിലെ മിടുക്കന്മാർ ഇവിടെ കാഴ്ചവെക്കുന്നത്.

കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിലും സുരക്ഷാ പരിശോധനകളിലും പോലീസ് സേനയ്ക്ക് കരുത്താകുന്ന വിവിധ വിഭാഗത്തിൽപ്പെട്ട കേഡറ്റുകളാണ് ഷോയിൽ അണിനിരന്നിരിക്കുന്നത്. കൊലപാതകവും കവർച്ചയും ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളെ കണ്ടെത്താൻ സഹായിക്കുന്ന ‘ട്രാക്കർ’ വിഭാഗത്തിൽപ്പെട്ടവയും, സ്‌ഫോടകവസ്തുക്കൾ കണ്ടെത്തുന്ന ‘സ്നിഫർ’ നായ്ക്കളും പ്രകടനത്തിൽ പ്രധാന ആകർഷണമായി മാറുന്നു.

വിമാനത്താവളങ്ങൾ, ബസുകൾ, ഇടുങ്ങിയ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ അതിവേഗം പരിശോധന നടത്താൻ കഴിയുന്ന ചെറിയ ബ്രീഡായ ‘ബീഗിൾ’ ഇനത്തിൽപ്പെട്ട നായ്ക്കളുടെ പ്രകടനവും വലിയ ജനശ്രദ്ധ നേടുന്നുണ്ട്. കൂടാതെ, മയക്കുമരുന്ന്, മദ്യം എന്നിവ കണ്ടെത്താനും ദുരന്തമുഖങ്ങളിൽ മൃതദേഹങ്ങൾ കണ്ടെത്താനുമുള്ള ‘കഡാവർ’ പരിശീലനം ലഭിച്ച നായ്ക്കളും സേനയുടെ ഭാഗമായി ഇവിടെയെത്തിയിട്ടുണ്ട്. ലാബ്രഡോർ, ജർമ്മൻ ഷെപ്പേർഡ്, ബെൽജിയൻ മലിനോയിസ്, ബീഗിൾ തുടങ്ങിയ ഇനങ്ങളാണ് അഭ്യാസങ്ങളിൽ പങ്കെടുക്കുന്നത്.

മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് ഇവയെ സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്കൂളിൽ എത്തിക്കുന്നത്. ഒൻപത് മാസത്തെ കഠിനമായ പരിശീലനത്തിന് ശേഷമാണ് ഇവ ഔദ്യോഗികമായി സേനയുടെ ഭാഗമാകുന്നത്. ദിവസവും രണ്ടുനേരം ഗ്രൂമിംഗ് നടത്തുന്നതിനൊപ്പം ശരീരഭാരത്തിന് അനുസൃതമായി കൃത്യമായ അളവിൽ ‘എൻ ആൻഡ് ഡി’ പാക്കറ്റ് ഭക്ഷണമാണ് ഇവയ്ക്ക് നൽകുന്നത്. തിരുവനന്തപുരം സിറ്റി, വെഞ്ഞാറമൂട്, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി എട്ടോളം നായ്ക്കളാണ് ഇത്തവണ കനകക്കുന്നിലെ ആഘോഷങ്ങളിൽ പങ്കാളികളാകുന്നത്. സിറ്റി പോലീസ് കമ്മീഷണറുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിലാണ് ഡോഗ് സ്‌ക്വാഡിന്റെ ഡെമോൺസ്‌ട്രേഷൻ നടന്നു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *