തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃശൂരിൽ എയിംസ് കൊണ്ടുവരുമെന്ന് താൻ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ തന്റെ പ്രസംഗങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷമാണ് തൃശൂർ എയിംസിന് അർഹമാണെന്ന ആവശ്യം ഉയർന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
തൃശൂരിൽ എയിംസ് സ്ഥാപിക്കണമെങ്കിൽ ആവശ്യമായ ഭൂമി സംസ്ഥാന സർക്കാർ ലഭ്യമാക്കണം. എയിംസ് തൃശൂരിലേക്ക് കൊണ്ടുവരണമെന്ന ആവശ്യത്തെ താൻ പിന്തുണയ്ക്കുന്നുണ്ടെന്നും ഇതിനായി സംസ്ഥാന സർക്കാർ ഭൂമി കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
മാടക്കത്തറ പഞ്ചായത്തിൽ ഏകദേശം 400 ഏക്കർ ഭൂമി ലഭ്യമാണെന്നും മണ്ണുത്തിയിലും പൊലീസ് അക്കാദമിക്ക് സമീപവും ഭൂമിയുണ്ടെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. മുൻ സർക്കാർ ഭൂമി ലഭ്യമാക്കുന്നതിൽ വിമുഖത കാട്ടിയെന്നും നിലവിലെ സർക്കാർ അത്തരമൊരു സമീപനം സ്വീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൃശൂരിൽ എയിംസ് യാഥാർഥ്യമാക്കാൻ താനും മേയറും ജില്ലയിലെ ഏഴ് എംഎൽഎമാരും ചേർന്ന് പ്രവർത്തിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതേസമയം, തൃശൂരിൽ എയിംസ് സ്ഥാപിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. സംസ്ഥാന സർക്കാർ ആവശ്യമായ ഭൂമി ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ പ്രധാന മുന്നുപാധിയെന്നാണ് സുരേഷ് ഗോപിയുടെ ഇപ്പോഴത്തെ നിലപാട്.

