സിഡ്നി: സിഡ്നിയിലെ മിൽപെറയിലുള്ള ഒരു സ്ഥാപനത്തിനുള്ളിൽ 64-കാരനെ ഒരു സംഘം ആളുകൾ ചേർന്ന് തടഞ്ഞുവെച്ച് ക്രൂരമായി മർദിക്കുകയും പണവും വിലപിടിപ്പുള്ള വസ്തുക്കളും കവരുകയും ചെയ്തതായി പരാതി. ഓഗസ്റ്റ് 15-ന് വൈകുന്നേരം 4.20-ഓടെയാണ് സംഭവം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു.
സംഭവത്തിൽ ‘സ്ട്രൈക്ക് ഫോഴ്സ് മാഗ്മാസ്’ എന്ന പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. അക്രമത്തിന് തൊട്ടുപിന്നാലെ പാഡ്സ്റ്റോവിലെ മക്ഗിർ സ്ട്രീറ്റിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ മൂന്ന് വാഹനങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. വെള്ള ടൊയോട്ട ഹിലക്സ് യൂട്ട്, സിൽവർ ടൊയോട്ട കൊറോള സെഡാൻ, വെള്ള മിത്സുബിഷി കാന്റർ ട്രക്ക് എന്നിവയാണ് ദൃശ്യങ്ങളിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങളോ ദൃശ്യങ്ങളോ ഉള്ളവർ 1800 333 000 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്സുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

