അഡ്ലെയ്ഡ്: സൗത്ത് ഓസ്ട്രേലിയൻ ആരോഗ്യ വകുപ്പിന്റെ (SA Health) പുതിയ ചീഫ് മെഡിക്കൽ ഓഫീസറായി (CMO) പ്രമുഖ ആരോഗ്യ ഭരണ വിദഗ്ദ്ധയും ഫ്ലിൻഡേഴ്സ് സർവകലാശാലാ ഡീനുമായ ഡോ. ജയന്തി (ജയ്) ജയകരൻ നിയമിതയായി. നിലവിലെ ചീഫ് മെഡിക്കൽ ഓഫീസറായ പ്രൊഫസർ മൈക്കൽ കുസാക്ക് സ്ഥാനമൊഴിയുന്ന മുറയ്ക്ക് 2026 നവംബർ 11-നാണ് അവർ ഔദ്യോഗികമായി ചുമതലയേൽക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള ക്ലിനിക്കൽ സംവിധാനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും ഉയർന്ന നിലവാരത്തിലുള്ളതും സുരക്ഷിതവുമായ ആരോഗ്യ പരിപാലനം ഉറപ്പാക്കുന്നതിനും ആരോഗ്യ മന്ത്രിക്കും വകുപ്പ് മേധാവിക്കും വിദഗ്ദ്ധോപദേശം നൽകുക എന്നതാണ് ഈ പദവിയുടെ പ്രധാന ചുമതല.
നിലവിൽ ഫ്ലിൻഡേഴ്സ് സർവകലാശാലയിലെ കോളേജ് ഓഫ് മെഡിസിൻ ആൻഡ് പബ്ലിക് ഹെൽത്തിൽ ഡീൻ (പീപ്പിൾ ആൻഡ് റിസോഴ്സസ്) ആയി സേവനമനുഷ്ഠിക്കുകയാണ് ഡോ. ജയന്തി ജയകരൻ. ക്ലിനിക്കൽ പ്രാക്ടീസ്, അക്കാദമിക് രംഗം, മെഡിക്കൽ അഡ്മിനിസ്ട്രേഷൻ, ആരോഗ്യ തൊഴിൽ നയരൂപീകരണം എന്നിവയിലായി 22 വർഷത്തിലധികം പ്രവർത്തനപരിചയം ഇവർക്കുണ്ട്. റോയൽ ഓസ്ട്രലേഷ്യൻ കോളേജ് ഓഫ് മെഡിക്കൽ അഡ്മിനിസ്ട്രേറ്റേഴ്സ് (FRACMA), ഓസ്ട്രലേഷ്യൻ കോളേജ് ഓഫ് ഹെൽത്ത് സർവീസ് മാനേജ്മെന്റ് (ACHSM) എന്നിവയിൽ ഫെലോഷിപ്പുള്ള ഇവർ സൗത്ത് ഓസ്ട്രേലിയൻ ഹെൽത്തിന് കീഴിലെ മെട്രോപൊളിറ്റൻ, റൂറൽ/റിമോട്ട് മേഖലകളിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഓഫ് മെഡിക്കൽ സർവീസസ് (EDMS) ചുമതലകളും വഹിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലും സിംഗപ്പൂരിലുമായി ആരോഗ്യ രംഗത്ത് സേവനമനുഷ്ഠിച്ച ശേഷമാണ് സംസ്ഥാനത്തെ പരമോന്നത ക്ലിനിക്കൽ ഉപദേശക പദവിയിലേക്ക് ഇവർ എത്തുന്നത്. ഫ്ലിൻഡേഴ്സ് സർവകലാശാലയിലെ നിലവിലെ മുഴുവൻ സമയ ഭരണചുമതലകളിൽ നിന്ന് മാറുമ്പോഴും സർവകലാശാലയുമായുള്ള അക്കാദമിക് ബന്ധം അവർ തുടർന്നും നിലനിർത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
ഡോ. ജയന്തി ജയകരന്റെ നിയമനം സൗത്ത് ഓസ്ട്രേലിയയുടെ ആരോഗ്യ മേഖലയ്ക്ക് വലിയ സംഭാവനകൾ നൽകുമെന്ന് ഫ്ലിൻഡേഴ്സ് സർവകലാശാല ആക്ടിംഗ് എക്സിക്യൂട്ടീവ് ഡീൻ പ്രൊഫസർ കാരെൻ ലോവർ പ്രതികരിച്ചു. ഫ്ലിൻഡേഴ്സിലെ നിലവിലെ പദവിയിൽ നിന്ന് അവർ മാറുന്നതിൽ നഷ്ടബോധമുണ്ടെങ്കിലും, സൗത്ത് ഓസ്ട്രേലിയയിലെ ജനങ്ങളുടെ ആരോഗ്യ ഉന്നമനത്തിനായി വലിയ സംഭാവനകൾ നൽകാൻ ഈ പുതിയ നിയമനത്തിലൂടെ സാധിക്കുമെന്നും സർവകലാശാല സമൂഹത്തിന്റെ വൈദഗ്ധ്യത്തിനും നേതൃത്വപാടവത്തിനും ലഭിച്ച വലിയ അംഗീകാരമാണിതെന്നും പ്രൊഫസർ കാരെൻ ലോവർ പറഞ്ഞു. തനിക്ക് ലഭിച്ച അവസരങ്ങൾക്ക് നന്ദി രേഖപ്പെടുത്തിയ ഡോ. ജയന്തി ജയകരൻ, സേവിക്കുന്ന ജനങ്ങൾക്കും സമൂഹത്തിനും അർത്ഥവത്തായ മാറ്റങ്ങൾ ഉണ്ടാക്കുക എന്ന സാമൂഹിക ഉത്തരവാദിത്തമാണ് തന്നെ എപ്പോഴും നയിക്കുന്നതെന്നും വ്യക്തമാക്കി.
സംസ്ഥാനത്തെ പൊതുജനാരോഗ്യ നിയമങ്ങളും പകർച്ചവ്യാധി നിയന്ത്രണങ്ങളും കൈകാര്യം ചെയ്യുന്ന ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ പദവിയിൽ നിന്നും, ഓസ്ട്രേലിയൻ ഫെഡറൽ ഗവൺമെന്റിന്റെ കോമൺവെൽത്ത് ചീഫ് മെഡിക്കൽ ഓഫീസർ പദവിയിൽ നിന്നും വ്യത്യസ്തമായ ചുമതലകളാണ് സൗത്ത് ഓസ്ട്രേലിയൻ ചീഫ് മെഡിക്കൽ ഓഫീസർക്കുള്ളത്. സംസ്ഥാനത്തെ ഡോക്ടർമാരുടെ പരിശീലനം, ആരോഗ്യ പ്രവർത്തകരുടെ നയരൂപീകരണം, ആശുപത്രികളിലെ ക്ലിനിക്കൽ സേവനങ്ങളുടെ ഗുണനിലവാരം എന്നിവയിലാണ് പുതിയ ചീഫ് മെഡിക്കൽ ഓഫീസർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.

